റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ. എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിലെ സംഘർഷമേഖലയിൽ നാല് മലയാളികൾ ഉള്ളതായിട്ടാണ് ഇപ്പോഴുള്ള വിവരം.
അതിൽ 2 പേർ മോസ്കോയിലുള്ള ഇന്ത്യൻ എംബസിയിൽ സുരക്ഷിതരാണ്. മറ്റ് രണ്ട് പേരെ തിരികെ എത്തിക്കാൻ റഷ്യൻ പ്രതിരോധ സേന വഴി ഊർജിതമായ ശ്രമം നടത്തുന്നു. വളരെ രഹസ്യാത്മകമായ കാര്യങ്ങൾ ആയതിനാൽ ഈ ഘട്ടത്തിൽ അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന ശുഭാപ്തിവിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിൽ അംഗമായിരിക്കെ ഏറ്റവും കൂടുതൽ സന്തോഷം ലഭിച്ചത്
വിദേശത്ത് ദുർഘട സാഹചര്യങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ ഉള്ള ദൗത്യത്തിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചു വെന്നതാണ്. 2020 ലോക്ഡൗൺ കാലത്ത് ലോകമെമ്പാടും വളരെ ദുരന്തപൂർണമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ അന്ന് വന്ദേഭാരതിൽ ആരംഭിച്ചതാണ് ഒഴിപ്പിക്കൽ ദൗത്യം . ഉക്രെയിൻ ദൗത്യത്തിൽ 22000 വിദ്യാർത്ഥികളെയാണ് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരികെ എത്തിച്ചത്.
ഏതാണ്ട് 3000 ഓളം മലയാളികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതോടൊപ്പം ഓപ്പറേഷൻ കാവേരി , ഇറാനിൽ കുടുങ്ങിപ്പോയ അഞ്ചുതെങ്ങിലെയും പൊഴിയൂരിലെയും കന്യാകുമാരിയിലെയും മത്സ്യ തൊഴിലാളികൾ, ഖത്തറിൽ നിന്ന് തിരികെയെത്തിച്ച ഇന്ത്യൻ നാവികർ ഇങ്ങനെ നിരവധി ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിൻ്റെയും മാർഗനിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം വിജയം കണ്ടത്.
ഇന്ത്യൻ പൗരന്മാർ ലോകത്ത് എവിടെ ദുർഘട സാഹചര്യത്തിൽ അകപ്പെട്ടാലും അവരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന് കീഴിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ദൗത്യവും ലക്ഷ്യവും. ഉക്രെയിൻ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ഒഴിപ്പിക്കലിനെക്കാൾ ദുർഘടമായിരുന്നു അവസാന ഘട്ടത്തിലെ ഒഴിപ്പിക്കൽ.യുദ്ധത്തിനിടയിൽ അപകടകരമായ സാഹചര്യത്തിലും വിദ്യാർഥികളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ കഴിഞ്ഞത് നരേന്ദ്രമോദിയുടെ ലോകം മുഴുവൻ പടർന്നുകിടക്കുന്ന നയതന്ത്ര ബന്ധത്തിൻ്റെ വിജയമാണ്.
രാത്രി വിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമില്ലാത്ത സുഡാനിൽ ഇന്ത്യൻ ദൗത്യസംഘം തീ പന്തങ്ങൾ കത്തിച്ചു വച്ച് വിമാനമിറക്കിയാണ് അവിടെ കാത്തുനിന്നവരെ തിരികെ എത്തിച്ചത്. ഉക്രെയിൻ ദൗത്യത്തിന് റഷ്യൻ ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് നേരിട്ട് അയച്ചത്. ഈ ദൗത്യം ഇത്രയധികം കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കഴിഞ്ഞു. ഇത് ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഒഴിപ്പിക്കൽ ദൗത്യമാണ്. രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ നരേന്ദ്രമോദിയോടുള്ള വിശ്വാസം അർപ്പിച്ചു കൊണ്ട് എന്നെ പിന്തുണയ്ക്കാനെത്തിയവർക്ക് നന്ദിരേഖപ്പെടുത്തുന്നതായും വി. മുരളിധരൻ പറഞ്ഞു.