ജറൂസലം: ജറൂസലമിലെ വിശുദ്ധ ദേവാലയത്തിലെ ഈസ്റ്റർ ആഘോഷത്തിൽ ഫലസ്തീനി ക്രിസ്ത്യാനികൾക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തി. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്റർ ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ, ക്രിസ്തുമതം ഉയിരെടുത്ത ജറൂസലമിൽ വിശ്വാസികൾ നേരിടുന്ന വിലക്ക് ചർച്ചയാവുകയാണ്.ഫലസ്തീനി വംശജരായ ക്രിസ്ത്യാനികളാണ് പഴയ നഗരത്തിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നത്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള 200 ക്രൈസ്തവ നേതാക്കൾക്ക് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സഭാംഗങ്ങൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് പതിവിൽനിന്ന് വ്യത്യസ്തമായി ചുരുക്കം വിശ്വാസികൾ മാത്രമാണ് ചർച്ച് ഓഫ് ഹോളി സെപൽച്ചർ കേന്ദ്രീകരിച്ച് നടന്ന ‘കുരിശിന്റെ വഴിയിൽ’ ചടങ്ങിൽ പങ്കെടുത്തത്. ഇരുണ്ട ദിവസങ്ങളാണിതെന്ന് ക്രൈസ്തവ പുരോഹിതൻ മുൻതർ ഐസക്ക് പറഞ്ഞു. ‘
“ജറുസലം ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ആരാധനാലയമാണ്. പ്രത്യേകിച്ച് ഈസ്റ്റർ നാളുകളിൽ ഹോളി സെപൽച്ചർ പള്ളിയിൽ പ്രാർത്ഥിക്കുന്നത് ഞങ്ങൾ ശീലമാക്കിയിരുന്നു. ഇവിടെ നിന്ന് 20 മിനിറ്റ് മാത്രം സഞ്ചരിച്ചാൽ എത്താവുന്ന ബെത്ലഹേമിൽ പോലും ഞങ്ങൾക്ക് പ്രവേശനമില്ല. ഈ വർഷം ഇസ്രായേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.