ലോക് സഭ തെരെഞ്ഞെടുപ്പ് തൊട്ടടുത്ത എത്തിയപ്പോൾ കോൺഗ്രസിൽ നിന്നും നിരവധി പ്രവർത്തകരാണ് ബിജെപിയിലേക്ക് മറുകണ്ടം ചാടിയത്. കോൺഗ്രസിന്റെ പ്രധാനപ്പെട്ട അംഗങ്ങൾ മുതൽ മുഖ്യമന്ത്രിമാരുടെ മക്കൾ വരെ ഈ കൂട്ടത്തിലുണ്ട്.
കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും കോൺഗ്രസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളുമൊക്കെയായിരുന്നു കേരളത്തിലെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ ചൂടുപിടിച്ച ചർച്ചകൾ.
അങ്ങനെയിരിക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്റണി നടത്തിയ പ്രതികരണം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്. എന്താണ് എ. കെ. ആന്റണി നടത്തിയ പ്രസ്താവനക്ക് പിന്നിൽ എന്ന് നോക്കാം.
‘വളർത്തി വലുതാക്കിയ പാർട്ടിയുടെ നെഞ്ചത്താണ് ലീഡറുടെ മകൾ ആണിയടിച്ചതെന്ന് വികാരഭരിതനായി പൊട്ടിത്തെറിച്ച് എ.കെ.ആന്‍റണി’ എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. പോരാളി ഷാജി’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ എ.കെ.ആന്‍റണിയുടെ ചിത്രം ഉൾപ്പെടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നിരവധിപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
ഇത്തരത്തിലൊരു പ്രതികരണം ആന്‍റണി നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് പ്രധാന വാർത്തകളിൽ ഇടംപിടിക്കേണ്ടത്. എന്നാൽ അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ഔദ്യോഗിക മാധ്യമങ്ങളിൽ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രവുമല്ല ഇത്തരത്തിൽ ഒരു പ്രസ്താവന എ.കെ.ആന്‍റണി നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-‘ ഇത്തരത്തിലൊരു പ്രതികരണവും നടത്തിയിട്ടില്ല. പത്മജ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് താന്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണമാണിത്. ലഭ്യമായ വിവരങ്ങളിൽ നിന്നും എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലായെന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രചാരണം വ്യാജമാണ് എന്ന് ഉറപ്പിക്കാം.