ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നേതാക്കളുടേയും പ്രവര്‍ത്തകരുടെയും വന്‍ അകമ്പടിയോടെ എത്തിയാണ് കേന്ദ്രമന്ത്രികൂടിയായ മുരളീധരന് പത്രിക നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സദ്ഭരണത്തിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ് എന്ന് സ്ഥാനാര്‍ഥി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് രാജ്യത്തിന് ബോധ്യമുണ്ട്. അതിന്റെ പ്രതിഫലനം ആറ്റിങ്ങലിലും ഉണ്ടാകുമെന്ന് മുരളീധരന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനെതിരായ വിധിയാവും ഈ തിരഞ്ഞെടുപ്പെന്നും മുരളീധരന് പറഞ്ഞു. കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേസ് വാദിക്കാന്‍ കപില്‍ സിബലിന് രണ്ടുകോടി നല്കുന്നു. നരേന്ദ്രമോദിക്കെതിരായുള്ള രാഷ്ട്രീയ പ്രചാരണത്തിന് മാത്രമായാണ് ഈ പണം ചെലവഴിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു. രാഷ്ട്രപതിക്കെതിരായി കൊടുത്ത കേസിനും ഇനി കോടികള്‍ ചിലവാകും.
മറിയക്കുട്ടിമാര്‍ക്ക് 1600രൂപ പെന്ഷന് കൊടുക്കാന്‍ നിവൃത്തിയില്ല എന്ന് പറയുന്നവരാണ് നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ അഭിഭാഷകര്‍ക്ക് നല്‍കുന്നത്. വ്യവഹാരം നടത്തി തറവാട് മുടിച്ച ചില കാരണവന്മാരെപ്പോലെയാണ് പിണറായി വിജയനെന്നും മുരളീധരന് കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനിയായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച വിശ്വാസികള്‍ക്കടക്കം പൗരത്വം നല്‍കാനുള്ള നിയമത്തിനെതിരായി സിപിഎം സുപ്രീംകോടതിയില്‍ പോയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന്റെ അഭിപ്രായം എന്തെന്ന് വി.മുരളീധരന്.
ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇതിനോട് സഭാ നേതൃത്വം യോജിക്കുന്നുണ്ടോയെന്ന് മുരളീധരന് ചോദിച്ചു. മണിപ്പൂരിലേത് വംശീയ കലാപമാണെന്ന് സഭാനേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.