നാവിഗേഷൻ ബാറില്‍ വലിയ മാറ്റം വരുത്തി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഫോണുകള്‍ക്കായുള്ള പുതിയ അപ്ഡേറ്റില്‍ ആണ് പുതിയ മാറ്റം വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.ഇനി മുതല്‍ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ പുതിയ മാറ്റം ലഭിക്കുന്നതായിരിക്കും എന്ന് കമ്പനി അറിയിച്ചു.
നേരത്തെ മുകളില്‍ നല്‍കിയിരുന്ന നാവിഗേഷൻ ബാറാണ് വാട്സ്ആപ്പ് താഴെക്ക് കൊണ്ടുവന്നിരിക്കുന്നത്. ചാറ്റ്സ്, അപ്ഡേറ്റ്സ്, കമ്മ്യൂണിറ്റി, കോള്‍സ് എന്നിങ്ങനെ നാല് ഓപ്ഷൻ ആയിരിക്കും ഈ നാവിഗേഷൻ ബാറില്‍ ഉണ്ടായിരിക്കുക. ഇത് മുകളില്‍ ആയിരുന്നപ്പോള്‍ ചാറ്റ്സ്, സ്റ്റേറ്റസ്, കോള്‍സ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ മാത്രമായിരുന്നു ഈ നാവിഗേഷൻ ബാറില്‍ ഉണ്ടായിരുന്നത്. നിലവില്‍ നിരവധി ഉപയോക്താക്കളുടെ വാട്സ്ആപ്പില്‍ ഈ മാറ്റം വന്നിട്ടുണ്ട്.
പഴയ നാവിഗേഷൻ ബാറില്‍ ഉണ്ടായിരുന്ന സ്റ്റേറ്റസ് എന്ന ഓപ്ഷൻ തന്നെയാണ് പുതിയ മാറ്റത്തിന് കീഴില്‍ അപ്ഡേറ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ എന്ന മാധ്യമം ഈ വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം വാട്സ്ആപ്പിന്റെ പുതിയ മാറ്റത്തിനോട് സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ പക്കല്‍ നിന്ന് ലഭിക്കുന്നത്.
പുതിയ മാറ്റം നല്ലതാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ പഴയത് തന്നെ ആയിരുന്നു മികച്ചത് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതേ സമയം ആൻഡ്രോയിഡിന് പിന്നാലെ ഐഒഎസിലും പുതിയ മാറ്റം ഉടൻ എത്തുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാട്സ്ആപ്പിന്റെ ഈ പുതിയ മാറ്റം എന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം ഉപയോഗിക്കാനാവുമെന്ന് വാട്സാപ്പ് അവകാശപ്പെടുന്നു.
അതേ സമയം ഈ മാറ്റത്തിന് പിന്നാലെ മറ്റൊരു മാറ്റവും വാട്സ്ആപ്പ് പദ്ധതി ഇടുന്നുണ്ടെന്ന് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സജ്ജസ്റ്റഡ് കോണ്ടാക്ട് എന്ന പേരില്‍ ആയിരിക്കും പുതിയ ഫീച്ചർ എത്തുക. ചാറ്റ് ചെയ്യുന്നതിനായി കോണ്ടാക്റ്റുകള് നിര്‍ദേശിക്കുന്നതിനുള്ള ഫീച്ചര്‍ ആയിരിക്കും ഇത്. ആന്‍ഡ്രോയിഡിന്റെ 2.24.7.23 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെയായി നിരവധി മാറ്റമാണ് വാട്സ്ആപ്പില്‍ വന്നിരിക്കുന്നത്.
ഇതില്‍ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് മൂന്ന് ചാറ്റുകള്‍ വരെ പിൻ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ. ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടത് അല്ലെങ്കില്‍ പ്രധാനപ്പെട്ട ചാറ്റുകള്‍ ഇത്തരത്തില്‍ പിൻചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ ചാറ്റ്ലിസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് നേരത്തെ പിൻചെയ്ത് വെച്ച ചാറ്റുകള്‍ ആയിരിക്കും. ഇതിന് പുറമെ നിരവധി പുതിയ ഫീച്ചറുകള്‍ വാട്സ്ആപ്പില്‍ കൊണ്ടുവരാനും മെറ്റ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഫീച്ചറാണ് വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ.
ഈ ഫീച്ചർ ഉടൻ വാട്സ്ആപ്പില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് നോട്ട് പ്ലേ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളില്‍ ഇത് ടെക്സ്റ്റ് ആയി വായിക്കാൻ സാധിക്കുന്ന തരത്തില്‍ ഉള്ള ഫീച്ചർ ആയിരിക്കും ഇത്. ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്ആപ്പ് നടത്തിവരികയായിരുന്നു. ഇപ്പോള്‍ അത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഐഒഎസില്‍ ഈ ഫീച്ചർ ആദ്യമെത്തിയിരുന്നു എന്നും ഈ റിപ്പോർട്ടില്‍ പറയുന്നു.
ഇതിന് പുറമെ നിരവധി എഐ ഫീച്ചറുകളും വാട്സ്ആപ്പില്‍ കൊണ്ടുവരാനായി മെറ്റ ശ്രമിക്കുന്നുണ്ട്. ചാറ്റ്ജിപിറ്റി, ഗൂഗിള്‍ ജെമിനി എന്നിവയ്ക്ക് സമാനമായ ഒരു എഐ ചാറ്റ്ബോട്ട്, എഐ ഇമേജ് എഡിറ്റർ തുടങ്ങിയ ഫീച്ചറുകള്‍ കൊണ്ടുവരാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്ഡേറ്റില്‍ ആയിരിക്കും ഈ എഐ ഫീച്ചറുകള്‍ എത്താൻ സാധ്യത. വാട്സ്ആപ്പില്‍ ഈ ഫീച്ചറുകള്‍ എത്തിയാല്‍ ആപ്പ് കൂടുതല്‍ ജനപ്രിയമാകും എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.