‘നിലവാരമില്ലാത്ത ഏകപക്ഷീയമായ അന്വേഷണം’; റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചയെന്ന് വിധിന്യായം

കാസര്‍കോട്: റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ലെന്നെന്നും വിധിന്യായത്തിൽ പറയുന്നു.

നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമഗ്രികൾ പരിശോധിച്ച് വിശദാംശങ്ങൾ എടുക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ്. മരണത്തിനു മുൻപ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു.

പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂസിന്റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുഎന്നാൽ മുസ്‌ലീം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ല. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിപ്പകർപ്പിലുണ്ട്.

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ.

ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന മൂന്നാം ദിവസം തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ.ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.