ബെംഗളൂരു: കർണാടകയിൽ ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയോടൊപ്പമുള്ള ജെ.ഡി.എസ് മൂന്ന് ലോക്സഭ സീറ്റിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മത്സരിക്കും. കോലാർ, ഹസൻ എന്നിവയാണ് മറ്റു രണ്ട് സീറ്റുകൾ. കോലാറിൽ മല്ലേശ് ബാബുവും ഹസനിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ചെറുമകൻ പ്രജ്വൽ രാവണ്ണയുമാണ് സ്ഥാനാർഥികൾ.
ആരോഗ്യപരമായ കാരണങ്ങളാൽ എച്ച്.ഡി. കുമാരസ്വാമി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മകൻ നിഖിൽ കുമാരസ്വാമിയുടെ പേരും മാണ്ഡ്യയിൽ ഉയർന്നുകേട്ടിരുന്നു. ഒടുവിൽ മുൻ മുഖ്യമന്ത്രിയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.
നടി സുമലത അംബരീഷിന്റെ മണ്ഡലത്തിൽ അവരെ മറികടന്നാണ് കുമാരസ്വാമി മത്സരിക്കാനിറങ്ങുന്നത്. സുമലതയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കടുത്ത നിലപാടെടുത്താൽ കുമാരസ്വാമിക്ക് പ്രതിസന്ധിയുണ്ടാകും.
കഴിഞ്ഞദിവസം ഇവർ ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതോടെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച അനുയായികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചനയാണ് ഇവർ യോഗത്തിൽ നൽകിയത്. അന്തിമ തീരുമാനം ഏപ്രിൽ മൂന്നിനുണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
2019-ൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സുമലത ജെ.ഡി.എസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ് വിജയം വരിച്ചത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് അന്ന് സുമലത തോൽപ്പിച്ചത്. ബി.ജെ.പി.യുടെ പിന്തുണയുമുണ്ടായിരുന്നു. അതിനുശേഷം സുമലതയുമായി ജെ.ഡി.എസ്. അകലം പാലിച്ചുവരുകയായിരുന്നു. പിന്നീട് സുമലത ബി.ജെ.പി. ക്കൊപ്പം ചേരുകയും ചെയ്തു. ബി.ജെ.പി. ടിക്കറ്റിൽ മാണ്ഡ്യയിൽ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോഴാണ് ജെ.ഡി.എസ്. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ ഭാഗമായത്.
ജെ.ഡി.എസ്. മാണ്ഡ്യയിൽ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചതോടെ സുമലതയുടെ നില പരുങ്ങലിലായി. ജെ.ഡി.എസിന്റെ ആവശ്യത്തെ തിരസ്കരിക്കാൻ ബി.ജെ.പി. ക്ക് കഴിഞ്ഞില്ല. ഇതോടെ അവർക്ക് സുമലതയെ അവഗണിക്കാതെ തരമില്ലെന്നായി. മാണ്ഡ്യ തന്നെ വേണമെന്ന നിർബന്ധം സുമലതയും തുടർന്നത് ബി.ജെ.പി. ക്ക് പ്രതിസന്ധിയുണ്ടാക്കി. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ കഴിഞ്ഞയാഴ്ച സുമലതയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിട്ടും മാണ്ഡ്യ ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായില്ല.
സുമലതയുടെ ഭർത്താവും നടനുമായ അംബരീഷിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു മാണ്ഡ്യ. അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് സുമലത രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളിലുള്ള അംബരീഷിന്റെ സ്മരണയാണ് 2019-ൽ സുമലതയുടെ വിജയം ഉറപ്പാക്കിയത്. ആ സ്വാധീനത്തിലുള്ള വിശ്വാസത്തിലാണ് ഇത്തവണയും മാണ്ഡ്യയിൽ ജനവിധി തേടാൻ അവരെ പ്രേരിപ്പിച്ചത്.
വൊഗ്ഗലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ഇവർക്കിടയിൽ ഏറെ പ്രചാരമുള്ള പാർട്ടി കൂടിയാണ് ജെ.ഡി.എസ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ രീതിയിൽ വോട്ട് നേടാൻ സാധിച്ചിരുന്നില്ല. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും വൊക്കലിഗ സമുദായാംഗമാണ്. അതിനാൽ തന്നെ വോട്ടുബാങ്കിന്റെ വലിയൊരു ശതമാനം ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. ഇത് തിരിച്ചുകൊണ്ടുവരിക കൂടിയാണ് എച്ച്.ഡി. കുമാരസ്വാമിയുടെ സ്ഥാനാർഥിത്തത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.