കൊച്ചി: ഫോണ്‍ വിളിച്ചാല്‍ ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നയാൾ 13.5 ലിറ്റര്‍ മദ്യവുമായി പിടിയിൽ. ഹണി അലി എന്ന വിളിപേരില്‍ അറിയപ്പെടുന്ന അലി ഹൈദ്രോസ് കാരിക്കോട് എക്സൈസ് പിടിയിലായത്. എക്‌സൈസ്, പൊലീസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്.
ഇയാളുടെ പക്കല്‍ നിന്നും 13.5 ലിറ്റര്‍ മദ്യവും, ഹോണ്ട ഡിയോ സ്‌കൂട്ടര്‍, മദ്യ വില്‍പ്പന നടത്തി കിട്ടിയ 3000 രൂപ എന്നിവ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ബി രഞ്ചുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
കാസര്‍കോട് ജില്ലയില്‍ നിന്നും 113.32 ലിറ്റര്‍ മദ്യം പിടികൂടി. മഞ്ചേശ്വരം സ്വദേശി രാധാകൃഷ്ണന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കര്‍ണാടക, കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ സുരക്ഷിത സ്ഥലങ്ങളില്‍ മദ്യം ശേഖരിച്ച് വെക്കുകയും ജില്ലയുടെ ഇതര സ്ഥലങ്ങളിലേക്ക് എത്തിക്കുകയുമായിരുന്നു ഇയാള്‍. ഈ കേസില്‍ അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെട്ടയാള്‍ ഇടനിലക്കാരനാണെന്നാണ് സംശയിക്കുന്നത്.