കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ടു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഇതോടെ കേരളത്തിന് കടമെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഒരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാന്‍ കഴിയുമെന്ന പ്രധാന ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. വായ്പപരിധി വെട്ടിക്കുറച്ചതിനെതിരെയാണ് കേരളം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ക്ഷേമപെന്‍ഷനും ശമ്പളവും നല്‍കുന്നതില്‍ പോലും സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായി കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.
അതേസമയം വായ്പാ പരിധി കേരളത്തിനായി മാത്രം ഉയര്‍ത്താനാവില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അതേസമയം, ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പുറമേ നിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതില്‍ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ അന്തിമതീരുമാനം ആകുന്നത് നീളുമെന്നുറപ്പായി. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ മാസം ആദ്യമായിരുന്നു കേരളത്തിന്റെ കേസ് അവസാനമായി പരിഗണിച്ചത്. അന്ന് സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള വിഷയത്തില്‍ കോടതി നിര്‍ദേശം അനുസരിച്ചു ചര്‍ച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയായില്ല.
കേന്ദ്രത്തിന്റെ വായ്പാ പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും കേരളത്തിന് അടിയന്തര ധനസഹായം നല്‍കണമെന്നുമുള്ള ഹര്‍ജികളാണ് കേരളം നല്‍കിയിരുന്നത്. കേരളത്തിന് അടിയന്തരമായി 10,000 കോടി രൂപ കൂടി അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ഭരണഘടനയുടെ 293ാം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ അനുച്ഛേദം ഇതുവരെ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഇന്ന് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറു ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്നും കോടതി അറിയിച്ചു.