കൊച്ചി: മൈനിങ് സ്ഥാപനമായ വേദാന്ത തങ്ങളുടെ മുഖ്യ ബിസിനസുകള്‍ പ്രത്യേക ലിസ്റ്റഡ് കമ്പനികളായി ഡീമെർജ് ചെയ്യുന്ന ഘട്ടത്തിലാണ്. വേദാന്തയുടെ ബാധ്യതകള്‍ ഡിമെർജറിനു ശേഷമുള്ള സ്ഥാപനങ്ങള്‍ക്കിടയില്‍ അവയുടെ ആസ്തികളുടെ അനുപാതത്തില്‍ വിഭജിക്കുമെന്നും അത് ചട്ടങ്ങളും നിയന്ത്രണങ്ങളും നിഷ്കർഷിക്കുന്ന വിധത്തിലായിരിക്കുമെന്നും വേദാന്ത നിക്ഷേപക പരിപാടിയില്‍ മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തില്‍ വായ്പാദാതാക്കളുമായുള്ള വേദാന്തയുടെ ചർച്ചകള്‍ പുരോഗമനത്തിന്‍റെ ഘട്ടത്തിലാണ്.
മെറ്റൽസ്, പവര്‍, അലൂമിനിയം, ഓയില്‍ ആന്‍റ് ഗ്യാസ് തുടങ്ങിയ ബിസിനസുകള്‍ ഡിമെർജ് ചെയ്യുമെന്ന് വേദാന്ത കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് വേദാന്ത അലൂമിനിയം, വേദാന്ത ഓയില്‍ ആന്‍റ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത സ്റ്റീല്‍ ആന്‍റ് ഫെറസ് മെറ്റീരിയൽസ്, വേദാന്ത ബെയ്സ് മെറ്റല്‍, വേദാന്ത ലിമിറ്റഡ് എന്നിങ്ങനെ ആറു സ്വതന്ത്ര സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെടും.
വേദാന്തയുടെ ഓരോ ഓഹരിക്കും ഓഹരി ഉടമകള്‍ക്ക് പുതുതായി ലിസ്റ്റു ചെയ്യപ്പെടുന്ന കമ്പനികളുടെ ഓരോ ഓഹരികള്‍ വീതം ലഭിക്കും. ഡീമെർജറിനു ശേഷം ഹിന്ദുസ്ഥാന്‍ സിങ്കിന്‍റെ ബിസിനസ്, ഇലക്ട്രോണിക് ബിസിനസ് തുടങ്ങിയവ വേദാന്ത ലിമിറ്റഡിനോടൊപ്പം തുടരും.
ബാധ്യതകള്‍ വകയിരുത്തുന്നതിന് വായ്പാ ദാതാക്കളെ പ്രതിനിധീകരിക്കാന്‍ എസ്ബിഐകാപ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എൻഒസികള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിമെർജറിനോടൊപ്പം തന്നെ ഗ്രൂപ്പിന്‍റെ കടം മൂന്നു ബില്യണ്‍ ഡോളറിലേക്ക് അടുത്ത മൂന്നു വർഷം കൊണ്ട് കുറക്കാനും അറ്റ കട നില ഒൻപതു ബില്യണ്‍ ഡോളറിന് താഴെ എത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഗ്രൂപിന്‍റെ കോർപറേറ്റ് ഘടന ലളിതവത്കരിക്കാന്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര ബിസിനസ് സാധ്യമാക്കുന്ന ഡിമെർജർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ബിസിനസും ആഗോള തലത്തിലാണെന്നതാണ് ഡിമെർജറിലേക്കു പോകാന്‍ ബോർഡ് തീരുമാനിക്കുന്നതിലേക്കു നയിച്ചത്.
സോവറിന്‍ വെല്‍ത്ത് ഫണ്ട്, ചെറുകിട നിക്ഷേപകര്‍, തന്ത്രപരമായ നിക്ഷേപം നടത്തുന്നവര്‍, നേരിട്ടുള്ള നിക്ഷേപകര്‍ എന്നിവരടങ്ങിയ ആഗോള നിക്ഷേപകർക്ക് ഡിമെർജർ അവസരം നല്കും. ഡീമെർജർ വഴി ലിസ്റ്റു ചെയ്ത ഓഹരികളും സ്വന്തമായ മാനേജുമെന്‍റും ഉള്ള ഓരോ യൂണിറ്റിനും തന്ത്രപരമായ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ അവസരം ലഭിക്കും.
അവർക്ക് കൂടുതല്‍ സ്വതന്ത്രമായും മികച്ച രീതിയിലും ഉപഭോക്താക്കളുമായും നിക്ഷേപങ്ങളുമായും വിപണിയുമായും ഇടപെടാനാവും എന്നും വേദാന്ത തങ്ങളുടെ ഡീമെർജർ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.