ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ക്രിമിനല്‍ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്. 2004ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്റാം ഓലെയുമായി ചേര്‍ന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്.
ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിലാണ് കെ.സി വേണുഗോപാല്‍ പരാതി നല്‍കിയത്. കെ.സി വേണുഗോപാലിന് വേണ്ടി മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരായി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭാ സുരേന്ദ്രന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കരിമണല്‍ കര്‍ത്തയുമായി ബന്ധമുണ്ടെന്നും, കര്‍ത്തയ്ക്ക് കരിമണല്‍ ഖനനത്തിന് അുമതി വാങ്ങി
നല്‍കിയത് കെ.സി. ഇടപെട്ടാണെന്നും ആരോപിച്ചിരുന്നു.
കെ.സി. വേണുപാലിന് യു.എ.ഇയില്‍ ബിനാമി കമ്പനികളുണ്ടെന്നും, തന്നോട് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം രേഖകള്‍ സഹിതം പറഞ്ഞിട്ടുണ്ടെന്നുമാണ് ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. ഇതിനെതിരേ എന്തെങ്കിലും നീക്കം നടത്തിയാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് രേഖകള്‍ കൈമാറുമെന്ന ഭീഷണിയും ശോഭാ സുരേന്ദ്രന്‍ നടത്തിയിരുന്നു.