2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് എ. എം. ആരിഫ് മാത്രമാണ് എല്‍ഡിഎഫ് സ്ഥാര്‍ഥിയായി വിജയിച്ച് ലോക്സഭയിലെത്തിയത്. 19 ലോക്‌സഭ മണ്ഡലങ്ങളും യുഡിഎഫിലേക്ക് ചാഞ്ഞപ്പോള്‍ ഇടതുപക്ഷ മുന്നണിക്ക് 2019 ഇലക്ഷനില്‍ കേരളത്തില്‍ ആലപ്പുഴ മാത്രമേ പിടിക്കാനായുള്ളൂ. അന്നുമുതൽ ഇങ്ങോട്ട് ആലപ്പുഴയുടെ ചിരകാല സ്വപ്‌നങ്ങൾ ഓരോന്നായി അദ്ദേഹം നടപ്പിലാക്കുകയായിരുന്നു.
ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായപ്പോൾ എതിർത്തു വോട്ട് ചെയ്തത് വെറും ആറുപേർ മാത്രം. ദേശസുരക്ഷയെ എതിര്‍ക്കുന്നവർ ആരൊക്കെയെന്ന് കുരുക്ക് അമിത് ഷാ മുറുകിയപ്പോൾ ഇന്ത്യയിൽ പ്രതിപക്ഷം ഒന്നടങ്കം നിശബ്ദമായി. പാര്‍ലമെന്റില്‍ കൊണ്ടുവന്ന എന്‍.ഐ.എ. ഭേദഗതി വോട്ടെടുപ്പിൽ ബില്ലിനെ എതിര്‍ത്ത് പ്രസംഗിച്ച കോണ്‍ഗ്രസ് പോലും വോട്ടു ചെയ്തു. എന്നാൽ, കേരളത്തില്‍ നിന്ന് എന്‍.ഐ.എ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത് ആരിഫ് എം.പി മാത്രം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയന്ന ബില്ലിനെതിരെ ശബ്‌ദമുയർത്താൻ എ. എം. ആരിഫ് എം.പി. മാത്രമാണ് ഉണ്ടായതെന്ന് പറയണം.
1993ൽ ആരംഭിച്ച എം.പി.ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്ന Member of Parliament Local Area Development Scheme (MPLADS)ൽ പെടുത്തി ഓരോ പാർലമെൻ്റ് അംഗത്തിനും പ്രതിവർഷം 5 കോടി രൂപയാണ് വികസനപ്രവർത്തനങ്ങൾക്കായി ലഭിക്കുന്നത്. എന്നാൽ കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ 2020-21 ൽ മുഴുവൻ തുകയായ 5 കോടിയും 2021-22ൽ 3 കോടിയും വെട്ടിക്കുറച്ചതോടെ 5 വർഷത്തിൽ 25 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേവലം 17 കോടിരൂപമാത്രമാണ് ആരിഫ് എം.പി.ക്ക് ലഭിച്ചത്. ഇത്രയും കുറഞ്ഞ തുക വിനിയോഗിച്ച് 48 ഗ്രാമപഞ്ചായത്തുകളിലും 4 നഗരസഭകളിലുമായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിൽ പരാതികൾക്കിടനൽകാതെയും ഫലപ്രദമായും വിനിയോഗിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ 100% തുകയും ചെലവഴിച്ച് പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലെയും വികസന ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമം ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണ്. അടിസ്ഥന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിങ്ങനെ സർവതല സ്‌പർശിയായ വികസനപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം എം.പി. ഫണ്ട് വിനിയോഗിച്ചതെന്നു കാണാം.
പ്രദേശിക പ്രസരണികൾ നിർത്തലാക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലെ ആകാശവാണി നിലയം അടച്ചു പൂട്ടാൻ 2020 നവംബറിൽ ഉത്തരവിട്ടപ്പോൾ ആരിഫ് എം.പി യുടെ ഇടപെടലുകളാണ് പ്രക്ഷേപണം നിലയ്ക്കാതിരിക്കാൻ സഹായകമായത്. എം.പിയുടെ പ്രതിഷേധത്തെ തുടർന്ന് നിലയം അടച്ചു പൂട്ടാനുള്ള ഉത്തരവ് പ്രസാർഭാരതി CEO മരവിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്‌തതോടെ ആലപ്പുഴ പ്രസരണിക്ക് പുതുജീവൻ ലഭിക്കുകയായിരുന്നു. 2021 ൽ നടന്ന ആലപ്പുഴ ആകാശവാണിയുടെ സുവർണജൂബിലിയിൽ പങ്കെടുത്ത് ആലപ്പുഴ നിലയത്തിൻ്റെ അനിശ്ചിതത്വത്തിനും പ്രതികൂല സാഹചര്യങ്ങൾക്കും പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ആരിഫ് എം.പിയുടെ പരിശ്രമ ഫലമായി ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ ആലപ്പുഴ യൂണിറ്റ് പൂർണസജ്ജമായതും ആലപ്പുഴയ്ക്ക് ആശ്വാസം ആയിരുന്നു. ഗവ. ടി.ഡി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ താത്കാലികമായി ആരംഭിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം പണിയൻ സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്ന് അര ഏക്കർ സ്ഥലം കൈമാറിയതിനെ തുടർന്ന് 2011 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും ഫണ്ടിൻ്റെ അപര്യാപ്‌തതമൂലം കെട്ടിട നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന അവസരത്തിലാണ് എ.എം ആരിഫ് എം.പിയാകുന്നത്. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ICMR ലും നിരന്തരം സമ്മർദ്ദത്തിന്റെ ഫലമായി 10 കോടി രൂപ കൂടി അനുവദിപ്പിക്കാൻ ആരിഫിനായതോടെയാണ് വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമായത്. BSL 3 നിലവാരത്തിലുള്ള ലാബ് സൗകര്യത്തോടൊപ്പം തുടർ ഗവേഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും എന്നതും പ്രധാനമാണ്.
കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള Arficial Limbs Manufacturing Corperation of India (AIMCO)യുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ സൗജന്യമായിലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ആരിഫ് എം.പി ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. Fisheries and acquaculture Infrastructure Developers Fund (FIDF) 161 കോടി രൂപ അനുവദിപ്പിക്കാനുള്ള വർഷങ്ങളുടെ ശ്രമം എ.എം ആരിഫ് എം.പി നടത്തിയ നിർണ്ണായക ഇടപെടലിനെ തുടർന്ന് സാർത്ഥകമായതോടെ തീരദേശ ജനതയുടെ സ്വപ്‌നമായ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാകുകയാണ്.
ആലപ്പുഴ ബൈപ്പാസിൻ്റെ പൂർത്തീകരണത്തോടൊപ്പം എ.എം. ആരിഫിൻ്റെ ശ്രദ്ധ പതിഞ്ഞ വിഷയമായിരുന്നു ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം തീരദേശ റെയിൽപാതയുടെ ഇരട്ടിപ്പിക്കൽ. 1980ൽ ഉദ്ഘാടനം ചെയ്യപ്പെട്ട തീരദേശപാതയുടെ കായംകുളം ഹരിപ്പാട് ഭാഗത്ത് മാത്രമാണ് ഇടപ്പാത ഉണ്ടായിരുന്നത് എന്നതിനാൽ ക്രോസിംഗിനായി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്നതുമൂലം യാത്രക്കാർക്കുണ്ടായിട്ടുള്ള സമയനഷ്ടം ചെറുതല്ല.
ലോക്‌സഭാംഗമായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ മൂന്നിലുണ്ടായിരുന്ന ആദ്യ കടമ്പ പാത ഇരട്ടിപ്പിക്കലിൻ്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ കുടി വഹിക്കണം എന്ന റെയിൽവെ നിലപാടായിരുന്നു. ദക്ഷിണ റെയിൽവെയുടെ അന്നത്തെ ജനറൽ മാനേജർ, മലയാളിയായ ശ്രീ ജോൺ തോമസ് മുഖാന്തരം തീരദേശപാത ഇരട്ടിപ്പിക്കലിൻ്റെ പ്രാധാന്യം റെയിൽവെ ബോർഡ് ചെയർമാൻ ശ്രീ. വിനോദ്‌കുമാർ യാദവിനെ ബോധ്യപ്പെടുത്താൻ ആരിഫ് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് സ്വന്തം ചെലവിൽ തന്നെ പാത ഇരട്ടിപ്പിക്കാൻ റെയിൽവെ തീരുമാനം കൈക്കൊള്ളുന്നതും പിന്നീട് അതിനായി 1860 കോടി രൂപ അനുവദിക്കുന്നതും.
ഇക്കുറിയും എ. എം ആരിഫിനെ ആലപ്പുഴ ചേർത്തുപിടിക്കുമോ എന്നറിയാൻ ഇനി കുറച്ചുദിവസങ്ങൾകൂടി കാത്തിരിക്കാം.