കൊതി തീരാത്ത ജീവിതം: പുതിയ വീട്ടില്‍ വേദനയുടെ കാഴ്ചയായ് വിനോദിന്റെ ജീവനറ്റ ശരീരം

കൊതിയോടെ വെച്ച വീട്ടില്‍ പക്ഷെ ജീവിക്കാന്‍ വിധി അനുവദിച്ചില്ല

സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച്, അതില്‍ കൊതിതീരും വരെ താമസിക്കാനാവാതെ ജീവിത്തിന്റെ പാതിവഴിയില്‍ മരണത്തിന്റെ വണ്ടിയില്‍ കയറേണ്ടി വന്ന ഹതഭാഗ്യനാണ് ടി.ടി.ഇ. കെ. വിനോദ്. രണ്ടു മാസമായതേയുള്ള തന്റെ സ്വപ്‌നസൗധം നിര്‍മ്മിച്ചിട്ട്. പുതുമണം മാറാത്ത ആ വീട്ടിലേക്ക് വിനോദിനെ ഇനി കൊണ്ടു വരുന്നത് ചേതനയറ്റ ശരീരമായാണ്. ഇന്നലെ വൈകിട്ടാണ് വിനോദിനെ കൊല്ലാന്‍ കാലന്റെ രൂപമെടുത്ത് രജനികാന്തെന്ന മദ്യപാനി ട്രെയിനില്‍ കയറിയത്. അതും ടിക്കറ്റില്ലാതെ.

തിരുവനന്തപുരം സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എറണാകുളത്തായിരുന്നു വിനോദിന്റെ താമസം. അമ്മയോടൊപ്പം പുതിയ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് ജീവിതത്തില്‍ വരിതെറ്റിയോടുന്നവരുടെ പ്രതിനിധിയായ രജനീകാന്തിന്റെ കൈയ്യിലെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ആലുവ ഏലൂര്‍ മഞ്ഞുമ്മലിലെ പുതുമോടി മാറാത്ത വീട്ടിലേക്ക് വിനോദിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വിനോദിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ബന്ധുക്കളും നാട്ടുകാരും. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാത്ത പെറ്റമ്മയുടെ നിലവിളികള്‍.

ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്താമെന്നും സമീപത്തെ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം വിനോദ് ജോലിക്കു പോയത്. എന്നാല്‍ ഒര്‍ക്കാപ്പുറത്ത് മരണമെത്തി വിനോദിനെ കൂട്ടിക്കൊണ്ടു പോയി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുകള്‍ വിനോദിന്റെ മൃതദേഹം ഏറ്റുവാങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, അതൊഴിവാക്കി മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ഇനി റെയില്‍വേ സ്‌റ്റേഷനില്‍ മുഴങ്ങുന്ന അനൗണ്‍സ്‌മെന്റുകള്‍ക്ക് കാതോര്‍ത്ത് വിനോദെന്ന ടിടിഇ ഉണ്ടാകില്ല. കമ്പാര്‍ട്ടമെന്റുകള്‍ തോറും യാത്രക്കാര്‍ക്കിടയില്‍ ടിക്കറ്റ് ചോദിച്ച് കറുത്ത് തടിച്ച സിനിമാക്കാരന്‍ ടിടിഇ വരില്ല. തണുത്തുറഞ്ഞ ഫ്രീസറിലേറി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മഞ്ഞുമ്മലിലെ തന്റെ പുതിയ വീട്ടിലേക്ക് അന്ത്യയാത്രയിലാണ്. വൈകുന്നേരത്തോടെ മഞ്ഞുമ്മലിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തിന് ശേഷം പിടിയിലായ പ്രതി ഒഡീഷ സ്വദേശി രജനികാന്തിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രതിയുമായി പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടിടിഇ യുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതി, കൊല്ലണമെന്ന ഉദ്ദേശത്തോടെ കെ.വിനോദിനെ പിന്നില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവം നടക്കുമ്പോള്‍ എസ് പതിനൊന്ന് കോച്ചിന്റെ വാതിലിന് സമീപം ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ടിടിഇ കെ വിനോദിനെ പ്രതി പിന്നില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി.


തൃശൂര്‍ വെളപ്പായയില്‍ വെച്ചാണ് എറണാകുളം പാട്ന എക്സ്പ്രസില്‍ നിന്നും ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ടിടിഇ കെ വിനോദിനെ രജനികാന്ത് തള്ളിയിട്ട് കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചര മണിയോടെ എറണാകുളത്ത് നിന്നും യാത്ര തിരിച്ച ട്രെയിന്‍ ഏഴു മണിയോടെയായിരുന്നു തൃശൂരിലെത്തിയത്. തൃശൂരില്‍ നിന്നും എസ് പതിനൊന്ന് കോച്ചിലായിരുന്നു ടിടിഇ കെ വിനോദ് കയറിയത്. ഇതേ കോച്ചിലായിരുന്നു ടിക്കറ്റില്ലാതെ ഒഡീഷ സ്വദേശിയായ രജനികാന്തും കയറിയത്. ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന രജനികാന്തനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കഴിയില്ലന്നും ടിടിഇ അറിയിച്ചു.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കാന്‍ ട്രെയിന്‍ വാതിലിന് സമീപത്ത് നിന്ന് ടിടിഇ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതി രജനികാന്ത് ടിടിഇയെ പിന്നില്‍ നിന്നും തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയും ചെയ്തു. തലയടിച്ച് വീണ വിനോദ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

അതേസമയം ആക്രമണം നടത്തിയ രജനികാന്തയെ യാത്രക്കാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് രജനികാന്തയെ പാലക്കാട് നിന്ന് റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ കെ.വിനോദ് ടെക്നിക്കല്‍ സ്റ്റാഫായാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇരുപത് വര്‍ഷത്തോളമായി റെയില്‍വേയില്‍ സേവനം ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പാണ് ടിടിഇ ആയത്. റെയില്‍വേ ജീവനക്കാരുടെ സംഘടനാ ഭാരവാഹിയായ അദ്ദേഹം ഒരു കലാകരന്‍ കൂടിയായിരുന്നു. നിരവധി സിനിമകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

സിനിമാ മേഖലയില്‍ കൂടുതല്‍ സജീവമാകണമെന്ന ആഗ്രവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മനുഷ്യന്‍ എന്നാണ് എല്ലാവര്‍ക്കും വിനോദിനെ കുറിച്ച് പറയാനുള്ളത്. റെയില്‍വേ ജീവനക്കാര്‍ക്കിടയിലും കലാരംഗത്തും വലിയ സൗഹൃദമുള്ള വ്യക്തി കൂടിയായിരുന്നു കെ വിനോദ്.