ആറ്റിങ്ങല്‍ മേഖലയില്‍ കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും രാജിവെച്ചു. ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്തു കൂടിയാണിത്. ”ബി.ജെ.പി.യില്‍ സ്ത്രീകള്‍ക്ക് മാനസികപീഡനം” ആരോപിച്ചാണ് രാജി. വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് പഞ്ചായത്ത് അംഗത്വം രാജിവെച്ചത്. സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.
അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും സെക്രട്ടറി അറിയിക്കുകയും ചെയ്തു. ബി.ജെ.പി.യില്‍ കടുത്ത അവഗണനയും മാനസികപീഡനവുമാണ് സ്ത്രീകള്‍ നേരിടുന്നതെന്ന് കരവാരം പഞ്ചായത്തിലും ആറ്റിങ്ങല്‍ നഗരസഭയിലും നിന്ന് രാജിവെച്ച വനിതാ ജനപ്രതിനിധികള്‍ ആരോപിച്ചു. കരവാരം പഞ്ചായത്ത് അംഗത്വം രാജിവെച്ച വൈസ് പ്രസിഡന്റായിരുന്ന എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന തങ്കമണി, ആറ്റിങ്ങല്‍ നഗരസഭയില്‍ നിന്ന് ഒരുമാസം മുമ്പ് രാജിവെച്ച സംഗീതാറാണി എന്നിവരാണ് ബി.ജെ.പി. നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. രാജി സമര്‍പ്പിച്ച ശേഷം എല്‍.ഡി.എഫ്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവര്‍ ബി.ജെ.പി. നേതൃത്വത്തിനെതിരേ പ്രതികരിച്ചത്.
മൂന്നുപേരും സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എസ്.സിന്ധുവിനെ പൊതുജനമധ്യത്തിലും സമൂഹമാധ്യമങ്ങളിലൂടെയും പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാല്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉല്ലാസ് എന്നിവര്‍ അവഹേളിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രസിഡന്റിനെതിരേ നഗരൂര്‍ പോലീസ് സ്റ്റേഷനിലും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു. 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി.-09, സി.പി.എം.-05, കോണ്‍ഗ്രസ്-02, എസ്.ഡി.പി.ഐ.-02 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ കക്ഷിനില. രണ്ടംഗങ്ങളുടെ രാജിയോടെ ബി.ജെ.പി.യുടെ അംഗബലം ഏഴായി കുറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, എ.എ.റഹീം എം.പി എന്നിവരും രാജിവെച്ച് സി.പി.എമ്മിലേക്കെത്തിയവര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ശക്തമായിരിക്കുകയായിരുന്നു. എന്നാല്‍, ആറ്റിങ്ങലില്‍ ഇപ്പോഴുണ്ടായത് ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കും. ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ജോയിയും. സിറ്റിംഗ് എം.പി അടൂര്‍ പ്രകാശാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്‍.ഡി.എഫ് ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പരിശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ മോദിയുടെ ഗ്യാരന്റിയുമായാണ് എന്‍.ഡി.എ മത്സര രംഗത്തുള്ളത്.
വോട്ടു ശതമാനം കാലക്രമേണ ഉര്‍ത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവം വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും നേതാക്കളെ പടലയോടെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നത്. ഇതിനിടയിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.