കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആഹാരം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകള്‍ വൃത്തിയില്ലാത്തതും ഗുണനിലവാരം ഇല്ലാത്തവയുമെന്ന് കണ്ടെത്തല്‍. ഇത്തരം 13 ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ഇങ്ങനെ കണ്ടെത്തിയ 13 ഹോട്ടലുകള്‍ പൂര്‍ണ്ണമായി ഒഴിക്കാനും തീരുമാനിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളാണ് ഹോട്ടലുകള്‍ മാനദണ്ഡപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകള്‍ ഒഴിവാക്കാന്‍ ചീഫ് ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗതാഗതമന്ത്രി ഗണേഷ്‌കുമാറും ഈ വിഷയത്തില്‍ ഇടപെട്ടതു കൊണ്ടാണ് നടപടി വേഗത്തിലായത്. കെ.എസ്.ആര്‍.ടി.സിയിലെ താപ്പാനകളും ഹോട്ടല്‍ ഉടമസ്തരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ ഇതുവരെ വൃത്തിഹീനവും ഗുണനിലവാരവുമില്ലാത്ത റെസ്‌റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരായത്. യാത്രക്കാര്‍ക്ക് ടോയിലെറ്റ് സൗകര്യം ഒരുക്കാത്ത ഹോട്ടലുകളും, കുടിവെള്ളം പോലും കൊടുക്കാത്ത ഹോട്ടലുകളുമുണ്ട്. ഹോട്ടലിനോട് ചേര്‍ന്നുള്ള കടയില്‍ നിന്നും കുപ്പിവെള്ളം വാങ്ങുന്നതിനു വേണ്ടിയാണ് ഹോട്ടലുകളില്‍ കുടിവെള്ളം കൊടുക്കാത്തത്.
ഇതും ഹോട്ടലുകാരുടെ കച്ചവട തന്ത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്തുന്ന ഇടത്തു നിന്നും അധിക ദൂരത്തില്‍പ്പോയി ഭക്ഷണം കഴിച്ചാല്‍, ബസ് മിസ്സാകുമോയെന്ന ഭയം കൊണ്ടാണ് യാത്രക്കാര്‍ ഇത്തരം റെസ്‌റ്റോറന്റുകളില്‍ മനസ്സില്ലാ മനസ്സോടെ കയറുന്നത്. പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളോടു ചേര്‍ന്നായിരിക്കും ഇത്തരം ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്നതു പോലും. ഭക്ഷണം കഴിക്കുന്നിടത്ത്, മൂത്രത്തിന്റെ രൂക്ഷ ഗന്ധവും ഉണ്ടാകും. ഇങ്ങനെ, ദുര്‍ഗന്ധവും വൃത്തിയില്ലാത്തതുമായ റെസ്‌റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടിട്ടുമുണ്ട്.
ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് കെ.എസ്.ആര്‍.ടി.സി ഈ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടത്. ഇങ്ങനെ കണ്ടെത്തിയ 13 ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സൗത്ത്, സെന്‍ട്രല്‍ നോര്‍ത്ത് എന്നിവിടങ്ങളിലെ 13 ഹോട്ടലുകളെയാണ് കെ.എസ്.ആര്‍.ടി.സി ഒഴിവാക്കുന്നത്. ഈ ഹട്ടലുകളില്‍ നിന്നും ഇനി മുതല്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്തുകയാണെങ്കില്‍ ബസിലെ ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകും. യാത്രക്കാരെ അതേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാനും പാടില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. 60ന് താഴേയ്ക്കു റേറ്റിംഗുള്ള ഹോട്ടലുകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കൊട്ടാരക്കര ബസ്റ്റാന്റിനോട് ചേര്‍ന്ന ‘കൊട്ടാരക്കര ബങ്ക്’ എന്ന ഹോട്ടലില്‍ ടോയ്‌ലെറ്റ് ഫെസിലിറ്റിയും, വൃത്തിഹീനമായ ചുറ്റുപാടുമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഹോട്ടലിന് 45.5 റേറ്റിംഗാണുള്ളത്. കുളത്തൂപ്പുഴയിലെ ‘തട്ടുകട’യും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് നല്‍കിയിരിക്കുന്ന റേറ്റിംഗ് 37.43 ആണ്. ടോയ്‌ലെറ്റോ, വൃത്തിയോ ഇല്ലെന്നതാണ് കാരണം. മാങ്കൂട്ടത്തെ ‘ഹോട്ടല്‍ മാങ്കൂട്ടം’ ഒഴിവാക്കിയതില്‍പ്പെടുന്നുണ്ട്. ഒട്ടും വൃത്തിയില്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. 29.4 റേറ്റിംഗ് മാത്രമാണ് ഈ ഹോട്ടലിനുള്ളത്. പൊള്ളാച്ചിയിലെ ‘അണ്ണൈ’ ഹോട്ടലില്‍ ടോയ്‌ലെറ്റുമില്ല. വൃത്തിയുമില്ല. 32.44 റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.
പാലക്കാടുള്ള ‘ഹോട്ടല്‍ ടൗണ്‍’ ഒട്ടും വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ റേറ്റിംഗ് 46.18 ആണ് നല്‍കിയിരിക്കുന്നത്. പേഴക്കംപിള്ളിയിലെ ‘ഹോട്ടല്‍ തൃപ്തി’ യില്‍ ടോയ്‌ലെറ്റ് ഇല്ല. വൃത്തിയില്ലാത്ത പരിസരവും. 46.9 ആണ് റേറ്റിംഗ്. ചിലാളിയിലെ ‘ ഹോട്ടല്‍ കാലിക്കട്ട്’ ഒട്ടും വൃത്തിയില്ലാത്ത സ്ഥിതിയിലാണ് പ്രവര്ത്തിക്കുന്നത്. ഇതിന്റെ റേറ്റിംഗ് 39.08 ആണ്. സുല്‍ത്താന്‍ ബത്തേരിയിലെ ‘ സുഭിക്ഷ’ ഹോട്ടലില്‍ വൃത്തിയുമില്ല ടോയ്‌ലെറ്റ് ഫെസിലിറ്റിയും മോശമാണ്. 45.4 റേറ്റിംഗാണ് ഇതിനുള്ളത്. കട്ടിക്കുളത്തെ ‘ ജോസ് തട്ടുകട’ പെര്‍ഫോമന്‍സിലും വളരെ മോശമാണ്. വൃത്തിയുമില്ലാത്ത അവസ്ഥയുണ്ട്. 32.6 ആണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്.
അമ്പലപ്പുഴയിലെ ‘ ടേസ്റ്റി ബഡ്‌സ്’ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം വിളമ്പുന്നുണ്ട്. ടോയ്‌ലെറ്റ് ഫെസിലിറ്റിയും മോശമാണ്. 39.75 ആണ് റേറ്റിംഗ്. കൊടുങ്ങല്ലൂരിലെ ‘ ഹോട്ടല്‍ എ.പി’ പെര്‍ഫോമനസ് കൊള്ളാമെങ്കിലും വൃത്തിയില്ലാത്ത ചുറ്റുപാടും ടോയ്‌ലെറ്റ് മോശവുമാണ്. 55.6 റേറ്റിംഗ് ആണ് നല്‍കിയിട്ടുള്ളത്. അന്തര്‍സാന്റെയിലെ ‘ ഹോട്ടല്‍ ടേസ്റ്റി’ യുടെ റേറ്റിംഗ് 50.2 ആണ്. പെര്‍ഫോമന്‍സ് കൊള്ളാമെങ്കിലും വൃത്തിഹീനമായ ചുറ്റുപാടും, ടോയ്‌ലെറ്റ് ഫെസിലിറ്റി ഇല്ലായ്മയും വലിയ പ്രശ്‌നമാണ്. ആളൂരിലെ ‘ന്യൂ സാഗര്‍ റെസ്റ്റോറന്റ്’ ഒട്ടും വൃത്തിയുമില്ല, ടോയ്‌ലെറ്റുമില്ലാത്ത അവസ്ഥയാണ്. ഇതിന്റെ റേറ്റിംഗ് 44.6 ആണ്.
കെ.എസ്.ആര്‍.ടി.സി മാത്രം തീരുമാനമെടുത്താല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. യാത്രക്കാരും ഇത്തരം ഹോട്ടലുകള്‍ ഒഴിവാക്കണം. പുതിയ ഹോട്ടലുകള്‍ കെ.എസ്.ആര്‍.ടി.സി കണ്ടു പിടിക്കുമ്പോള്‍ സൂക്ഷ്മത പാലാക്കേണ്ടതുണ്ടെന്നാണ് യാത്രക്കാരുടെ പക്ഷം. ഈ വാര്‍ത്ത യാത്രക്കാര്‍ക്ക് ഒരു വിവരവിജ്ഞാനത്തിനു കൂടി ഉപകരിക്കട്ടെ. ഇനി മുതല്‍ ദീര്‍ഘദൂര യാത്രകളില്‍ കെ.എസ്.ആര്‍.ടി.സി ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഈ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ പരാതിപ്പെടാന്‍ മറക്കരുത്.