കൊച്ചി: പിരാമല്‍ എന്‍റര്‍പ്രൈസസിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പിരാമല്‍ ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം പരമ്പരാഗത സ്വര്‍ണ്ണ വായ്പ ബിസിനസ്സ്, അണ്‍സെക്യേര്‍ഡ് മൈക്രോഫിനാന്‍സ് വായ്പ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
റിയല്‍ എസ്റ്റേറ്റിന്‍റെ അടിസ്ഥാനത്തിലുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.
2028 സാമ്പത്തിക വര്‍ഷത്തോടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1.2-1.3 ലക്ഷം കോടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 70 ശതമാനം ചെറുകിട വായ്പകളായിരിക്കും. 10 ലക്ഷം രൂപയില്‍ താഴെയുള്ള ചെറിയ വായ്പകള്‍ വിപുലമാക്കാനും പിരാമല്‍ ഫിനാന്‍സ് ലക്ഷ്യമിടുന്നു. ചെറിയ കടകളോ വസ്തുക്കളോ ഈടായി വാങ്ങിയാവും ഇതു നല്‍കുക.
കമ്പനിക്ക് 25 സംസ്ഥാനങ്ങളില്‍ 625 ജില്ലകളിലായി 470 ശാഖകളാണുള്ളത്. 2025 സാമ്പത്തിക വര്‍ഷം 100 ശാഖകള്‍ കൂടി ആരംഭിക്കും. ചെറുപട്ടണങ്ങളിലും വന്‍ പട്ടണങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും ആയിരിക്കും പുതിയ ശാഖകള്‍.
സ്വര്‍ണ പണയവും മൈക്രോ ബിസിനസ്സ് വായ്പകളും ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നും റിസ്ക് കൂടുതലുള്ള മേഖലകളാണ് ഇവയെങ്കിലും അതിനായുള്ള അണ്ടര്‍റൈറ്റിങ് ശേഷി തങ്ങള്‍ക്കുണ്ടെന്നും പിരാമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു.