കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് രംഗത്ത് ഭീകരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: പ്രകാശ് ജാവ്‌ദേക്കര്‍

പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് രംഗത്ത് ഭീകരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരളത്തിലെ ബി ജെ പി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍. കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. വിഷുവിനോ അമ്പലത്തിലെ ഘോഷയാത്രക്കോ പൊട്ടിക്കുന്ന പടക്കമല്ല, മറിച്ച് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബോംബുകളാണ് പൊട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ശൈലജയുടെ കൂടെയുള്ള ആളാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ബോംബ് സ്‌ഫോടനങ്ങള്‍. തിരുവനന്തപുരത്ത് ബി ജെ പി സംസ്ഥാന കമ്മറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം തീവ്രവാദ തന്ത്രങ്ങള്‍ ആരംഭിക്കാന്‍ കാരണം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയാണ്. കോണ്‍ഗ്രസും പരാജയ ഭീതികൊണ്ട് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളെ ആശ്രയിക്കുകയാണ്.

കോണ്‍ഗ്രസും സി.പി.എമ്മും ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ എല്ലാത്തരം ഭീകരതയും ഉപയോഗിക്കുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഭീകരതയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബിജെപി ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ജനങ്ങള്‍ മോദിക്കൊപ്പമാണ്. മോദി കേരളത്തിനായി വളരെയധികം ചെയ്തിട്ടുണ്ട്, കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ കോണ്‍ഗ്രസും സിപിഎമ്മും നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.