വ്യാപകമായ പരാതികള്‍ ഉയരുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നഗരത്തിലെ റോഡുകള്‍ പാതി തുറന്ന് മരാമത്ത് വകുപ്പ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഈ പാതി തുറക്കല്‍ മഹാമഹം. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയും മണ്ണുമാണ് കുറച്ചു മാസങ്ങളായി ഉള്ളത്. വഴി കണ്ടു പിടിക്കാമോ എന്ന അവസ്ഥയിലാണ് വാഹനയാത്രക്കാരെല്ലാം. ഏതു വഴിയിലൂടെ നഗരത്തിലെത്താന്‍ കഴിയുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. റോഡുകള്‍ കുഴിച്ചിട്ടതോടെ വാഹനങ്ങളുടെ ഓട്ടവും ട്രാഫിക് പോലീസുകാരുടെ ജോലിയും ഒരുപോലെ കൂടിയിരിക്കുകയാണ്.
സ്മാര്‍ട് റോഡ് പദ്ധതിയുടെ ഭാഗമായുള്ള പണികള്‍ നടക്കുന്നു കൊണ്ടാണ് റോഡുകള്‍ കുഴിച്ചിരിക്കുന്നത്. വൈദ്യുതി കേബിളുകള്‍ അടക്കം എല്ലാം ഭൂമിക്കടിയിലൂടെ ആക്കുന്നതിനാണ് ഈ പ്രവൃത്തികള്‍. എന്നാല്‍, ഇത് സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടി ആരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. സ്വന്തം വീടിന്റെ മുന്നിലെ റോഡ് കുഴിച്ച് നാശക്കോട്ടയാക്കിയതു വാഹനം ഇറകകാന് പറ്റാത്ത അവസ്ഥയിലാണ് ഗതികെട്ട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂര്യാകൃഷ്ണമൂര്‍ത്തി പരാതി പറഞ്ഞത്.
വികസനത്തിന് പിന്തുണയുണ്ടെന്ന പറയുന്നുണ്ടെങ്കിലും ഉപദ്രവിക്കരുതെന്ന് പറഞ്ഞാണ് സൂര്യാകൃഷ്ണമൂര്‍ത്തി പരാതി അവസാനിപ്പിച്ചത്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന രീതിയില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീടിനു മുമ്പിലുള്ള റോഡിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്തു കൊടുത്തു. അതാണ് നോര്‍ക്ക-ഗാന്ധിഭവന് റോഡ്. ഇങ്ങനെ പരാതികള്‍ അസഹനീയമായി ഉയരുന്ന ഇടങ്ങളിലെ റോഡുകള്‍ വേഗത്തില്‍ പണി പൂര്‍ത്തിയാക്കി പരാതികള്‍ പരിഹരിക്കുന്നുണ്ട്. പത്തു ദിവസത്തിനുള്ളില്‍ രണ്ടു റോഡുകള്‍ കൂടി തുറക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഇതില്‍ ഒന്ന് എം.ജി രാധാകൃഷ്ണന് റോഡാണ്. അത് ഭാഗികമായേ തുറക്കുന്നുള്ളൂ.
ഗായകന് എം.ജി. ശ്രീകുമാറിന്റെ വീട് ഈ വഴിയിലാണ്. ഉന്നതങ്ങളില്‍ നിന്നുള്ള പരാതി അധികൃതര്‍ക്ക് കിട്ടിയിട്ടുണ്ടാകും എന്നുതന്നെ ഉറച്ചു വിശ്വസിക്കേണ്ടിവരും. മോഡല്‍ സ്കൂള്‍ ജംക്ഷന് മുതല്‍ തൈക്കാട് ശാസ്താക്ഷേത്രം വരെ. മറ്റിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരും. ജനറല്‍ ആശുപത്രി ജംക്ഷന് മുതല്‍ വഞ്ചിയൂര്‍ വരെയുള്ള റോഡും തുറക്കും. അതിനു വേണ്ടി നിര്‍മ്മാണം രാത്രിയും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 40 ഇടറോഡുകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. അതില്‍ 20 എണ്ണം തുറന്നു നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഈ മാസം 25നകം അഞ്ച് ഇടറോഡുകളില്‍ കൂടി ഗതാഗതം അനുവദിക്കും.
വെള്ളയമ്പലം വഴുതക്കാട് റോഡിലെ മാനവീയം വീഥി മുതല്‍ ഫോറസ്റ്റ് ഓഫിസ് വരെ ഒരു ഭാഗം തുറന്നിട്ടുണ്ട്. എന്നാല്‍, മറുഭാഗത്ത് വലിയ കുഴികളും, ഒരു ഭാഗത്തു കൂടി എല്ലാ വണ്ടികളെയും വിടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണാകും. വഴുതാക്കാട് ജംഗ്ഷനില്‍ തീര്‍ത്താല്‍ തീരാത്ത ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. വെള്ളയമ്പലം ഭാഗത്തുനിന്നു വഴുതക്കാട് എത്തുന്നവര്‍ക്ക് റോഡിന്റെ ഒരു ഭാഗം തുറന്നത് സഹായമാകുമെങ്കിലും വഴുതയ്ക്കാട് കലാഭവന്‍ റോഡ് ബ്ലോക്കാണ്. ഇവിടെയും ഒരു ഭാഗം തുറന്നിട്ടുണ്ട്. റോഡിന്റെ വലത് ഭാഗത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കിയാണ് തുറന്ന് നല്‍കിയത്.
സ്മാര്‍ട് പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു റോഡുകളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. ഇവിടെ ആദ്യഘട്ട ടാറിങ് മാത്രമാണ് പൂര്‍ത്തിയായത്. നടപ്പാത നിര്‍മാണവും രണ്ടാം ഘട്ട ടാറിങ്ങും ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയായിട്ടില്ല. വിമന്‍സ് കോളജിന് മുന്‍വശം മുതല്‍ വഴുതക്കാട് സിഗ്നല്‍ വരെ റോഡിന്റെ ഒരു ഭാഗത്ത് ടാറിങ് പൂര്‍ത്തിയാക്കി. അതുവഴി ഗതാഗതം അനുവദിച്ചിട്ടുണ്ട്.