സി.എ.എ റദ്ദാക്കല്‍: കോണ്‍ഗ്രസ്സ് കുറ്റകരമായ മൗനത്തിലാണ്; സി.പി.എം ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ സി.എ.എ ഉണ്ടാവാന്‍ പാടില്ലെന്നത് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ആലോചിച്ചുറപ്പിച്ച തീരുമാനമാണ്.

ധ്രുവീകരണത്തിനുള്ള അപകടകരമായ ബി.ജെ.പി തന്ത്രമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കുമെന്ന ഉറപ്പാണ് സിപിഐഎം മാനിഫെസ്റ്റോ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇതേവരെ ഒരക്ഷരം എതിരായി പറയാത്തത് ആലോചിച്ചുറപ്പിച്ച അവരുടെ തീരുമാനമായിരുന്നു എന്ന് ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന ഈ വര്‍ഗ്ഗീയ വിഭജന നിയമം റദ്ദ് ചെയ്യുമെന്ന് പറയാന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ”എല്ലാം പ്രകടന പത്രികയില്‍ പറയേണ്ടതില്ലല്ലോ”എന്നാണ്, കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറി പറഞ്ഞത്. ”നിങ്ങള്‍ക്കാവശ്യമുള്ളത് തരാന്‍ ഞങ്ങള്‍ക്ക് പറ്റില്ല”എന്നുകൂടി ആ നേതാവ് വിശദീകരിച്ചു. ഒരു വലിയ ജനസമൂഹമാകെ ആശങ്കയില്‍ കഴിയുന്ന വിഷയത്തില്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് മാനിഫെസ്റ്റോയില്‍ ഒന്നും പറയാനില്ല. ഇതിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും, എന്തിനാണിതിങ്ങനെ ആവര്‍ത്തിച്ചു പറയുന്നതെന്നും പ്രതിപക്ഷ നേതാവുള്‍പ്പെടെ പലരും ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ സി.എ.എ ഉണ്ടാവാന്‍ പാടില്ലെന്നത് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ആലോചിച്ചുറപ്പിച്ച തീരുമാനമായിരുന്നു എന്നാണ് കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലൂടെ വ്യക്തമാകുന്നത്.

പൗരത്വ നിയമ ഭേദഗതി നിയമം കൊണ്ടു വന്നത് ബിജെപി ഗവണ്‍മെന്റാണ്. അത് സംഘപരിവാര്‍ അജണ്ടയാണ്. എങ്ങനെയാണ് അതിനൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള മനസ്സ് കോണ്‍ഗ്രസിന് ഉണ്ടാകുന്നത്. പൗരത്വം മതാടിസ്ഥാനത്തില്‍ ആധുനിക ലോകത്ത് ഏതെങ്കിലും പരിഷ്‌കൃത രാജ്യം നടപ്പാക്കുന്നുണ്ടോ. അതുകൊണ്ടല്ലേ ഇന്ത്യാരാജ്യത്തിന്റെ നിലപാട് അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് വിമര്‍ശിക്കേണ്ടി വന്നത്. ഐക്യരാഷ്ട്ര സഭ അടക്കമുള്ള ലോക സംഘടനകള്‍ വിമര്‍ശിച്ചത് ഇത് ലോകം അംഗീകരിക്കാത്തതിന്റെ ഭാഗമല്ലേ. പൗരത്വ അപേക്ഷകരുടെ മതം സാധൂകരിക്കുന്നതിന് പ്രാദേശിക പൂജാരിമാര്‍ക്ക് ‘യോഗ്യതാ സര്‍ട്ടിഫിക്കറ്റ്’ നല്‍കാന്‍ സിഎഎ നിയമം അനുവദിക്കുമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ ആര്‍എസ്എസ് പോഷക സംഘടന സിഎഎ വഴിയുള്ള പൗരത്വത്തിനുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി.

കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും സിഎഎയെ പറ്റി തുറന്ന് അഭിപ്രായം പറയില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്. കോണ്‍ഗ്രസ്സിന് പൗരത്വ ഭേദഗതി നിയമത്തില്‍ എന്ത് സമീപനം എന്നല്ലേ ഇത് കാണിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കുമെന്ന ഉറപ്പാണ് സിപിഐഎം മാനിഫെസ്റ്റോയിലൂടെ മുന്നോട്ടുവെക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) പുനസ്ഥാപിക്കുകയും കാശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും സിപിഐഎം അടിവരയിട്ടുപറയുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ എന്താണ് കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ പറയുന്നത്?

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ബിജെപി സര്‍ക്കാരാണ് റദ്ദാക്കുന്നത്. ആ സംസ്ഥാനത്തെ വെട്ടി മുറിച്ച് സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്തു. സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക എന്നത്. അതാണവര്‍ 2019 ല്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ റദ്ദുചെയ്തത്. ശക്തമായ പ്രതിഷേധം സഭയ്ക്കകത്തും പുറത്തും ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സ് അന്ന് പരാജയപ്പെട്ടു. രാജ്യസഭയിലെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പായ ആസ്സാമില്‍ നിന്നുള്ള എംപി ഭുവനേശ്വര്‍ കാലിത ആര്‍ട്ടിക്കിള്‍ 370 വിഷയത്തിലെ ബിജെപി നിലപാടില്‍ ആവേശഭരിതനായി 2019 ല്‍ തന്നെ ബിജെപിയിലേക്ക് ചേക്കേറുന്ന നിലയുണ്ടായി. ബിജെപി അദ്ദേഹത്തെ ആസ്സാമില്‍ നിന്നുള്ള രാജ്യസഭാംഗമാക്കുകയും ചെയ്തു. സിഎഎ വിഷയത്തിലെന്ന പോലെ, ഭരണത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്നു പറയാന്‍ കോണ്‍ഗ്രസ്സിന് ത്രാണിയില്ല.

ഈ സമീപനം പുതിയതാണ് എന്ന് ഞങ്ങള്‍ പറയില്ല. ബാബറി മസ്ജിദ് വിഷയത്തില്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട് സംഘപരിവാറിന് ഒത്താശ ചെയ്യുന്ന തരത്തിലായിരുന്നില്ലേ?. നരസിംഹറാവുവിന്റെ കൈയയച്ച് കിട്ടിയ സഹായത്താലല്ലേ സംഘപരിവാരം ബാബറി പള്ളി തകര്‍ത്തത്?.
2018ല്‍ ബാബറി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷക സ്ഥാനത്തു നിന്നും പിന്മാറാന്‍ കപില്‍ സിബലിനോട് കോണ്‍ഗ്രസ് പാര്‍ടി ആവശ്യപ്പെടുകയായിരുന്നു. അയോദ്ധ്യയില്‍ ഭൂമി പൂജ നടന്നപ്പോള്‍ ഹനുമാന്‍ ചാലിസ നടത്തുകയും വെള്ളി ഇഷ്ടികകള്‍ അയച്ചു കൊടുക്കുകയും ചെയ്തത് അന്നത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന കമല്‍ നാഥ് ആയിരുന്നു.

അയോദ്ധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന വേളയില്‍ കര്‍ണ്ണാടക സര്‍ക്കാരിനു കീഴിലെ 34,563 ക്ഷേത്രങ്ങളിലും സ്പെഷ്യല്‍ പൂജയും പ്രാര്‍ത്ഥനയും നടത്താനായിരുന്നു അവിടത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പ്രതിഷ്ഠാദിനത്തില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ്സിന്റെ സംസ്ഥാനമന്ത്രി തത്സമയം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ നൂറ് അസംബ്ലി മണ്ഡലങ്ങളില്‍ 10 കോടി വീതം ചെലവിട്ട് രാമക്ഷേത്രം പണിയുമെന്നായിരുന്നു. പ്രാണപ്രതിഷ്ഠാ ദിവസം ആസാമില്‍ ഹനുമാന്‍ വേഷം കെട്ടിയത് കോണ്‍ഗ്രസ്സിന്റെ മുന്തിയ നേതാവാണ്.

കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് ഇസ്രായേല്‍ അനുകൂല പ്രസ്താവന നടത്തിയത് വലിയ വിവാദമായതാണ്. തിരുത്താന്‍ തയ്യാറായോ അദ്ദേഹം?. നിലപാട് തിരുത്തില്ലെന്ന വീണ്ടും വീണ്ടുമുള്ള മറുപടികളല്ലേ എടുത്തുപോന്നത്?. കോണ്‍ഗ്രസ്സും ബിജെപിയും ഒന്നിച്ചല്ലേ എന്‍ഐഎ ഭേദഗതി ബില്‍ പാസാക്കാനായി പാര്‍ലിമെന്റില്‍ കൈ പൊക്കിയത്. ഇടതുപക്ഷമല്ലേ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്?. യുഎപിഎ ബില്ലില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ്സ് എടുത്ത നിലപാട് എന്തായിരുന്നു?. രാജ്യസഭയില്‍ കോണ്‍ഗ്രസ്സ് നിലപാടു കാരണം യുഎപിഎ ഭേദഗതി ബില്‍ 42 നു എതിരെ 147 പേരുടെ പിന്തുണയോടെ പാസാകുകയല്ലേ ഉണ്ടായത്?. സിപിഐഎം മാനിഫെസ്റ്റോ മുന്നോട്ടുവെക്കുന്ന മറ്റൊരു കാര്യം യുഎപിഎയും പിഎംഎല്‍എയും (പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ്) പോലുള്ള കരിനിയമങ്ങള്‍ റദ്ദാക്കുമെന്നുള്ളതാണ്.

കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയില്‍ ഇത് കാണാന്‍ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ചെറിയ രീതിയിലുള്ള പരാമര്‍ശത്തിനപ്പുറം കൂടുതല്‍ പറയാന്‍ എന്തു കൊണ്ടാണ് കോണ്‍ഗ്രസ്സിന് കഴിയാത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം സിപിഐഎം മാനിഫെസ്റ്റോയില്‍ ഉണ്ട്. ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ അന്വേഷണത്തിനു വിധേയമാക്കും എന്നാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. ഇലക്ടറല്‍ ബോണ്ടായി രണ്ടായിരത്തോളം കോടി രൂപ വാങ്ങിയത് ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാകുമോ. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ്സ് കൈക്കൊണ്ട നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വലിയ തോതില്‍ മഹത്വവല്‍ക്കരിച്ച് തയാറാക്കിയ കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ രാജ്യവും ജങ്ങളും നേരിടുന്ന പ്രതിസന്ധികളെ കാണാത്ത ഒന്നാണ്.

കാപട്യമാണ് കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര., അതിനെ തുറന്നു കാണിക്കുമ്പോള്‍ പൊള്ളേണ്ടതില്ല. ഈ പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ്സ് രാജ്യത്തെ സാധാരണ ജനങ്ങളെയും ന്യൂനപക്ഷങ്ങളെയും വഞ്ചിച്ചിരിക്കുന്നു. ബി ജെ പിയുടെ ദുര്‍ഭരണത്തെ ശക്തമായി എതിര്‍ക്കുന്നതിനൊപ്പം കോണ്‍ഗ്രസ്സിന്റെ കാപട്യങ്ങള്‍ തുറന്നു കാട്ടാനുള്ള ഇടപെടലാണ് ഞങ്ങള്‍ നടത്തുന്നത്. ആ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിക്കും.

ഈ തെരഞ്ഞെടുപ്പ് ഇന്ത്യ ഈ രീതിയില്‍ തന്നെ തുടരണോ എന്ന് തീരുമാനിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് ഇന്ന് രാഷ്ട്രത്തിന് അപകടകരമായ നയം നടപ്പാക്കികൊണ്ടിരിക്കുന്ന ബിജെപി ഗവണ്‍മെന്റിനെ തുത്തെറിയാനുള്ള വോട്ടാണ് കേരളവും ജനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്. ആ വോട്ട് കോണ്‍ഗ്രസിനുള്ളതാകില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവത്തിലൂടെ അത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ജനപക്ഷ രാഷ്ട്രീയം ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കേരളത്തിലെ ജനങ്ങള്‍ കുടുതല്‍, കുടുതല്‍ സ്വീകരിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.