തൃശ്ശൂർ: ട്രെയിനുകളിൽ അതിക്രമ സംഭവങ്ങൾ കൂടിയത് സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന പാടെ കുറഞ്ഞതോടെ. ആദ്യം ഏതെങ്കിലും ടിക്കറ്റുകൾ കൈവശമുള്ളവർ മാത്രമേ സ്റ്റേഷനിൽ പ്രവേശിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാതെ സ്റ്റേഷനിൽ കയറുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
കഴിഞ്ഞദിവസം ട്രെയിനിൽ ടി ടി ഇ യെ തള്ളിയിട്ടു കൊന്ന സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തിരുന്നത്. സ്റ്റേഷനിൽ പരിശോധന ഉണ്ടായിരുന്നെങ്കിൽ ഇയാൾ ട്രെയിനിൽ കയറുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
ട്രെയിനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജീവനക്കാരെ നിയമിക്കാത്തതും സ്റ്റേഷന്റെ സുരക്ഷാ ചുമതല പൂർണമായും റെയിൽവേ ഏൽപ്പിക്കാത്തതുമാണ് അക്രമ സംഭവങ്ങൾ ഏറുന്നതിന് പ്രധാനകാരണം. സ്റ്റേഷനിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതികൾ ആകുന്നവരെ ശിക്ഷിക്കുന്നതിൽ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടൽ ഇല്ല എന്നത് നേരത്തെ മുതലുള്ള ആക്ഷേപമാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ചതിനനുസരിച്ച് ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റ്കളുടെ എണ്ണം വർദ്ധിപ്പിക്കാത്തതും നിയന്ത്രണം ഇല്ലാതെ ജനറൽ ടിക്കറ്റുകൾ അനുവദിക്കുന്നതും ട്രെയിനിൽ പരിശോധകരും യാത്രക്കാരും തമ്മിൽ തർക്കത്തിന് വഴിവെക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.
പണ്ട് ജനറൽ ടിക്കറ്റുകൾ പരിധിയിൽ കൂടുതലായാൽ ടിക്കറ്റ് കൗണ്ടറിലേക്ക് ‘നോ റൂം’സന്ദേശം എത്തുമായിരുന്നു. എന്നാൽ ദീർഘദൂര ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റിലേക്ക് എല്ലാ സ്റ്റേഷനുകളിൽ നിന്നും ജനറൽ ടിക്കറ്റുകൾ അനുവദിക്കുമ്പോൾ ഈ കമ്പാർട്ട്മെന്റുകൾ നിറഞ്ഞ് ഇതിൽ കയറേണ്ട യാത്രക്കാർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നത് സ്ഥിരമാവുകയാണ്.