തിരുവനന്തപുരം: അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഉയരുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ പൂർണമായും വേനലവധി കാലഘട്ടമാണ്. മാർച്ച് അവസാനം സ്കൂൾ അടക്കുകയും ജൂൺ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകൾ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാടില്ലെന്നും മന്ത്രി അറിയിച്ചു.
കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കുട്ടികൾക്ക് താങ്ങാൻ ആവാത്ത ചൂടാണിത്. അത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈകോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.