ഇടുക്കി: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്പിലാണ് സംഭവം. പാൽ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയിൽ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്.
കാട്ടുപന്നി ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. കൈകാലുകൾക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും മുമ്പും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. ഓട്ടോ ഡ്രൈവർ റെജി തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.