റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 19 കിലോ കഞ്ചാവ് കാണാനില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. ഒട്ടും ബാക്കിവെയ്ക്കാതെ എല്ലാം എലി തിന്നു തീർത്തെന്നാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അവകാശവാദം. കഞ്ചാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ അൽപം പോലും ബാക്കിയില്ലെന്ന് റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
2018 ഡിസംബര്‍ 14 ന് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗര്‍വാളിനെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രകാശ് പ്രസാദിനോട് പിടിച്ചെടുത്ത ഭാംഗും കഞ്ചാവും ഏപ്രില്‍ ആറിന് കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ വേളയില്‍ കോടതി ഉത്തരവിട്ടിരുന്നു. കണ്ടുകെട്ടിയ വസ്തുക്കള്‍ പൊലീസിന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കക്ഷിയെ കള്ളക്കേസില്‍ പെടുത്തിയെന്ന് പ്രതികളുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.