കച്ചത്തീവ് ദ്വീപ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെ മാർച്ച് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിവാദമായ കച്ചത്തീവിനെക്കുറിച്ച് സംസാരിച്ചു. കച്ചത്തീവ് വിട്ടുകൊടുത്ത കോണ്ഗ്രസിന് രാജ്യത്തെ എങ്ങിനെ സംരക്ഷിക്കാം സാധ്യമെന്ന് പ്രധാനമന്ത്രി ചോദിച്ചു.
തമിഴ്നാട് തീരത്തിനടുത്തുള്ള ഈ ദ്വീപിന്റെ അവകാശം അരനൂറ്റാണ്ടുമുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുവെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ആരോപണം. മാത്രവുമല്ല, തമിഴ്നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഡി.എം.കെ. എന്ന പാർട്ടി ഒന്നുംചെയ്തില്ലെന്നുകൂടി മോദി പറഞ്ഞു.
എന്താണ് കച്ചത്തീവ് വിവാദം?
നിസാരമായി കോണ്ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ഒരു ഇടവേളയ്ക്ക് ശേഷം കച്ചത്തീവ് വീണ്ടും വാര്ത്തകളില് ഇടംപിടിക്കുകയാണ്. ഇന്ദിരാ ഗാന്ധി രാജ്യതാൽപ്പര്യം നോക്കാതെ 1974 ൽ കച്ചത്തീവിനെ നിസ്സാരമായി ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.
ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാക് കടലിടുക്കിൽ കിടക്കുന്ന 285 ഏക്കർ മാത്രമുള്ള ഒരു തുരുത്താണ് കച്ചത്തീവ്. കേരള സർവകലാശാലയുടെ കാര്യവട്ടം കാംപസ് 359 ഏക്കറുണ്ട്. ആൾതാമസമില്ലാത്ത ഒരു ചെറിയ ദ്വീപ് ആണിത്. ദ്വീപിൽ കുടിവെള്ള സ്രോതസ്സുകളില്ലാത്തതിനാൽ സ്ഥിരം ജനവാസത്തിന് കച്ചത്തീവ് അനുയോജ്യമല്ല. 17-ാം നൂറ്റാണ്ടുമുതൽ തമിഴ്നാട്ടിലെ പഴയ രാമനാട് രാജാവിന്റെ വസ്തുവായിരുന്നു ഇത്. അതിനുമുമ്പുള്ള രേഖകളിൽ ഈ തുരുത്ത് ശ്രീലങ്കയുടേതെന്നാണ് പറയുന്നത്. ദ്വീപിൻ്റെ ഏക നിർമ്മിതി എന്നുപറയാനുള്ളത് സെൻ്റ് ആൻ്റണീസ് പള്ളിയാണ്. 20-ആം നൂറ്റാണ്ടിൻ്റെ ആദ്യകാല കത്തോലിക്കാ ദേവാലയമാണ് ഇത്. എല്ലാ വർഷവും ഫെബ്രുവരി–മാർച്ച് മാസത്തിൽ നടക്കുന്ന ഒരാഴ്ച നീളുന്ന പള്ളിപ്പെരുന്നാളിന് മാത്രമാണ് സാധാരണയായി ഇവിടേയ്ക്ക് ആളുകളെത്തുന്നത്.
പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിൻ്റെ ഫലമായാണ് ഈ ദ്വീപ് രൂപപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയും സിലോണും (ഇന്നത്തെ ശ്രീലങ്ക) ബ്രിട്ടിഷ് ഭരണത്തിന് കീഴിലായതോടെ ഏറെക്കാലം ദ്വീപിനുമേൽ ആരും അവകാശവാദമൊന്നും ഉന്നയിച്ചില്ലെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണകൂടവും സിലോണിലെ ഭരണകൂടവും ദ്വീപിനുമേൽ അവകാശവാദം ഉന്നയിച്ചു. ഒടുവിൽ, പതിനേഴാം നൂറ്റാണ്ടിനു മുൻപ് കച്ചത്തീവ് സിലോണിന്റെ ഭാഗമായിരുന്നുവെന്ന വാദം രണ്ടു കൂട്ടരും അംഗീകരിച്ചു. രണ്ട് രാജ്യങ്ങളും സ്വതന്ത്രമായതിനുശേഷം 1974 ജൂൺ 26ന് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ധാരനായകെയും ഒപ്പുവച്ച ആദ്യ ഇന്ത്യ–ശ്രീലങ്ക സമുദ്രാതിർത്തി കരാറിലും നേരത്തേയുണ്ടായ ധാരണപ്രകാരം കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമാക്കി അതിർത്തി നിശ്ചയിച്ചു. എങ്കിലും ഒരു അധിക കരാർ കൂടി ഉണ്ടാക്കി ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ വീസയോ യാത്രാ രേഖകളോ ഇല്ലാതെ തുരുത്തിൽ വിശ്രമിക്കാനും വല ഉണക്കാനും പള്ളി സന്ദർശിക്കാനും കരാറിൽ അനുമതി നൽകിയിരുന്നു.
എന്നാൽ, 1976-ൽ ഇതിന് അനുബന്ധ ഉടമ്പടിയുണ്ടായി. ആ ഉടമ്പടി പ്രകാരം ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തുനിന്ന് നിശ്ചിതദൂരംവരെ മീൻപിടിത്തത്തിന് വിലക്കേർപ്പെടുത്തി. അതിർത്തി ലംഘിച്ച് ശ്രീലങ്കൻ സമുദ്രത്തിലേയ്ക്ക് കടത്തുന്നവരെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് പതിവ് സംഭവമായി. കച്ചത്തീവിലേക്ക് പ്രവേശനമില്ലാതായതോടെ തമിഴ്നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർക്ക് ലഭിച്ചിരുന്ന വരുമാനം ഇല്ലാതാകാൻ തുടങ്ങി. ഇതോടെ കച്ചത്തീവ് ഇന്ത്യയ്ക്ക് വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ആദ്യം അധികാരത്തിലെത്തിയ 1991 മുതൽ കച്ചത്തീവ് തിരികെപ്പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിൻറെ താൽപ്പര്യം പരിഗണിക്കാതെ ഇന്ദിര ഗാന്ധി കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് കൈമാറുകയായിരുന്നു എന്ന് പറയുമ്പോൾ തെക്കൻ തീരത്തെ വാഡ്ജ് ബാങ്കിന്റെ (Wadge bank) ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് ലഭിക്കുന്നതിന് ഈ കൈമാറ്റം കാരണമായെന്നും, ഇന്ത്യയും ശ്രീലങ്കയുമായുണ്ടായിരുന്നത് കൈമാറ്റക്കരാറായിരുന്നുവെന്നും അക്കാലത്തെ നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. 1976 മാർച്ച് 23ന് ശ്രീലങ്കയുമായി ഒപ്പുവച്ച ‘എക്സ്ചേഞ്ച് ഓഫ് ലെറ്റേഴ്സ്’ പ്രകാരമാണ് വാഡ്ജ് ബാങ്ക് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ എക്സ്ക്ലുസീവ് സാമ്പത്തിക സോണിലാണിത്. കന്യാകുമാരിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത്, വലിയ മത്സ്യസമ്പത്തും ഹൈഡ്രോ കാർബൺ ശേഖരവുമുണ്ട്. ഇരുനൂറിലേറെ അപൂർവ മത്സ്യയിനങ്ങളുടെയും അറുപതിലധികം അലങ്കാരമത്സ്യങ്ങളുടെയും ആവാസ-പ്രജനന കേന്ദ്രം കൂടിയാണ് വാഡ്ജ് ബാങ്ക്.
ഇവിടെ ശ്രീലങ്കൻ മത്സ്യബന്ധന കപ്പലുകൾക്കും ജീവനക്കാർക്കും മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവാദമില്ല. എന്നിരുന്നാലും ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ സ്ഥാപിക്കുന്നത് മുതൽ മൂന്ന് വർഷത്തേക്ക് ഈ പ്രദേശത്ത് മത്സ്യബന്ധനം നടത്താൻ നിരവധി ശ്രീലങ്കൻ മത്സ്യബന്ധന കപ്പലുകൾക്ക് ഇന്ത്യ അനുമതി നൽകിയിരുന്നു. പിന്നീട് ഇത് അഞ്ചുവർഷമായി നീട്ടി നൽകി. ഈ കാലാവധി കഴിഞ്ഞതോടെ ശ്രീലങ്കൻ ബോട്ടുകൾ വാഡ്ജ് ബാങ്കിൽ മീൻപിടിക്കുന്നത് അവസാനിപ്പിച്ചു.
കച്ചത്തീവിനെ വിട്ടുകൊടുത്തതിൽ കുറ്റപ്പെടുത്തുന്ന മോടിക്കുനേരെ ചൈന തട്ടിയെടുക്കുന്ന ഇന്ത്യൻ പ്രദേശത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിശബ്ദതയെ തിരിച്ചു പ്രതിപക്ഷം ചോദ്യം ചെയ്യുകയാണ്. അതിൽനിന്നും രാജ്യത്തിൻറെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഈ ആരോപണങ്ങളെന്നും പ്രതിപക്ഷം പറയുന്നു. ദ്വീപിനു മേൽ ഇന്ത്യ വീണ്ടും അവകാശവാദം ഉയർത്തുമോയെന്ന ചോദ്യത്തിന്, ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മറുപടി. 2015 ൽ ജയശങ്കർ വിദേശകാര്യസെക്രട്ടറിയായിരുന്നപ്പോൾ മന്ത്രാലയം നൽകിയ വിവരാവകാശ മറുപടിയിൽ ദ്വീപിന്റെ കാര്യത്തിൽ വിട്ടുകൊടുക്കലോ പിടിച്ചെടുക്കലോ നടന്നിട്ടില്ലെന്ന് പറഞ്ഞത് ശിവസേന ഉദ്ധവ് താക്കറെ പക്ഷവും കോൺഗ്രസും ചൂണ്ടിക്കാട്ടി. രണ്ടു തവണ അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടു ശ്രമിച്ചില്ലെന്ന ചോദ്യവും പ്രസക്തമാണ്.