ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറൂം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഫാമിലി സ്റ്റാർ’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത നെഗറ്റീവ് ക്യാംപെയ്ൻ നടക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ നിർമാതാക്കൾ സൈബർ ക്രൈം സെല്ലിന് പരാതി നൽകി. സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ൻ സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുവെന്നാണ് നിർമാതാക്കളുടെ പരാതി.
പരാതിയിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലീസ് നിർമ്മാതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ചിത്രത്തിനെതിരെ ആക്രമണം നടത്തിയ വ്യാജ യൂസർ ഐഡികൾ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം സംഘടിത ആക്രമണം പതിവാണെന്നാണ് നിർമാതാക്കൾ പറയുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ ‘ഗാമി’, ഹനുമാൻ’ തുടങ്ങിയ ചിത്രങ്ങളും സംഘടിത ആക്രമണം നേരിട്ടുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മാസം തെലുങ്ക് ചിത്രമായ ‘ഗാമി’യുടെ റിലീസിനിടെ നടൻ വിശ്വക് സെൻ സമാനമായ പ്രശ്നം നേരിട്ടിരുന്നു. 2023ൽ ബോക്സ് ഓഫീസ് ഹിറ്റായ ‘ഹനുമാൻ’ എന്ന ചിത്രവും അത്തരം ടാർഗെറ്റഡ് ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.