തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മത്സരച്ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് ആകെ 194 സ്ഥാനാർഥികളാണ്. ഇതിൽ 25 പേരാണു സ്ത്രീകളായുള്ളത്. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, 14 സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലാണ്. 5 പേരാണ് ആലത്തൂരിൽ മത്സരത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര് മത്സര രംഗത്തുണ്ട്.
ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന് അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീമാണ് പത്രിക പിന്‍വലിച്ചത്. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു.
മാവേലിക്കരയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിൻവലിച്ചില്ല. തൃശ്ശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്കിയ കെ.ബി സജീവാണ് തൃശ്ശൂരില്‍ പത്രിക പിൻവലിച്ചത്.