അടുത്ത അഞ്ചു വര്‍ഷം ജനങ്ങളെ ഭരിക്കേണ്ടതാരെന്നും, മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുമായി ഒരു പ്രതിനിധിയെ കണ്ടെത്താനുള്ള അശ്വമേഥം നടക്കുകയാണ് രാജ്യത്ത്. അതിന്റെ ആദ്യഘട്ടം ഈ മാസം 19നും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവിഭാഗം ജനങ്ങളെയും മത-ജാതി-വര്‍ണ്ണ-വര്‍ഗ-വ്യത്യാസമില്ലാതെ ഒരുപോലെ കാണാനും, എല്ലാവരെയും സഹകരിപ്പിക്കാനും, സഹായിക്കാനും മനസ്സുള്ളവര്‍ ജയിക്കണമെന്നാണ് ജനഹിതം.
എന്നാല്‍, പണത്തൂക്കവും, പിടിപാടുമുള്ളവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കൊള്ളയും കൊലയും നടത്തുന്നവരാണ് ഏറെപ്പേരും അധികാരത്തില്‍ എത്തുന്നത്. അങ്ങനെ എത്തുന്നവര്‍ ആദ്യം അവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളെല്ലാം പിന്‍വലിക്കാനോ, വാദികളെ ഭീഷണിപ്പെടുത്തി പരാതി ഇല്ലാതാക്കാനോ ആണ് ശ്രമിക്കാറ്.
എങ്കിലും രാഷ്ട്രീയക്കാരുടെ നിലനില്‍പ്പിനായി പണം നല്‍കുന്ന ഇത്തരം ഗുണ്ടകളും സാൂഹ്യ വിരുദ്ധരും സ്ഥാനാര്‍ത്ഥികളാവുകയും ഭീഷണിപ്പെടുത്തി വോട്ടുനേടി ജയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണയും അത്തരം ക്രിമിനലുകളും കൊലപാക ശ്രമം നടത്തിയവരും സ്ത്രീ പീഡനം നടത്തിയവരും സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. ആനന്ദ ലബ്ദിക്കിനി എന്തുവേണമെന്നാണ് വോട്ടര്‍മാരുടെ ചിന്ത.
ഒരു സ്വകാര്യ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ വിശകലനത്തിലാണ് ഇത് വെളിപ്പെട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 19ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 1,625 സ്ഥാനാര്‍ത്ഥികളില്‍ 1,618 പേരെ കുറിച്ചുള്ള അന്വേഷണത്തില്‍ 161 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. അതില്‍ ഏഴ് കൊലപാതക കുറ്റങ്ങളും 19 വധശ്രമ കേസുകളും ഉള്‍പ്പെടുന്നു. പതിനെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ബലാത്സംഘ കുറ്റം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമുണ്ട്.
പാര്‍ട്ടി തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് ബി.ജെ.പിയാണ്. 77 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 14 പേര്‍ക്കും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളുണ്ട്. കോണ്‍ഗ്രസ്സിനാണെങ്കില്‍ 56 സ്ഥാനാര്‍ത്ഥികളില്‍ എട്ട് പേര്‍ ക്രിമിനല്‍ കുറ്റമുള്ളവരാണ്. തൃണമൂലിന് ഒരാളും, ആര്‍.ജെ.ഡിക്കും എസ്.പിക്കും രണ്ടുപേരും, ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും ആറ് വീതം ക്രിമിനല്‍ കുറ്റങ്ങളുള്ള സ്ഥാനാര്‍ത്ഥികളാണുള്ളത്.
ബി.എസ്.പിക്കാണെങ്കില്‍ എട്ട് സ്ഥാനാര്‍ഥികളുണ്ട്. 102 സീറ്റുകളില്‍ 42 സീറ്റുകളിലും മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1,618 പേരില്‍ 16 ശതമാനം അതായത് 252 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്. ഇതില്‍ 10 ശതമാനം പേര്‍, അതായത് 161 പേര്‍ക്കെതിരെയാണ് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെടുക. 35 സ്ഥാനാര്‍ത്ഥികള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേസുകളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നാല് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. നാല് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡി.എം.കെ 13, സമാജ്വാദി പാര്‍ട്ടി 3, തൃണമൂല്‍ 2, ബി.ജെ.പി 28, കോണ്‍ഗ്രസ് 19 എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക.
അതേസമയം, ആര്‍.ജെ.ഡിയുടെ 2, ഡി.എം.കെയുടെ 6, സമാജ്വാദി പാര്‍ട്ടിയുടെ 2, ടി.എം.സിയുടെ 5, ബി.ജെ.പിയുടെ 14, എ.ഐ.എ.ഡി.എം.കെയുടെ 6, കോണ്‍ഗ്രസിന്റെ 8, ബി.എസ്.പിയുടെ 8 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.