ഒരേ ദിവസം രണ്ട് തവണ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തി സ്വർണ വില. രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വീണ്ടും വില വർധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,600 രൂപയും പവന് 52800 രൂപയുമാണ് പുനഃക്രമികരിച്ച നിരക്ക്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. 2023 ഡിസംബറിലാണ് സ്വർണ വില ഉയരങ്ങളിലേക്ക് കുതിക്കാൻ തുടങ്ങിയത്. കഴിഞ്ഞ മാസം മാർച്ചിൽ സ്വർണവിലയിൽ തുടർച്ചയായി റെക്കോർഡുകൾ പിറന്നു. മാർച്ച് 29 നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണ വില 50,000 കടക്കുന്നത്. ഈ മാസവും ഇതേ ട്രെൻഡ് തുടരുകയാണ്.
അതേ സമയം രാജ്യാന്തര തലത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻതോതിൽ കേന്ദ്ര ബാങ്കുകൾ അടക്കം വാങ്ങിക്കൂട്ടുന്നതും സ്വർണ്ണവില വർദ്ധനവ് തുടരാൻ കാരണമാകുന്നു. രാജ്യാന്തര സ്വർണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്. വെള്ളി വിലയും വർധിക്കുകയാണ്. ഗ്രാമിന് 88 എന്ന നിലയിലാണ് ഇന്ന് വെള്ളിവില. റെക്കോർഡ് വിലയിലും ആഭരണങ്ങളിലുള്ള ട്രെൻഡ് സെറ്ററുകൾക്ക് കുറവൊന്നുമില്ല. എന്നാൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ് ആയി വിപണിയിൽ ഉള്ളത്. വില ഇനിയും ഉയരുമോ എന്ന ആശങ്കയിൽ ആഭരണം വാങ്ങാനെത്തുന്നവരുടെ തിരക്കുമുണ്ട്.