കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ 2200 രൂപയാണ് വര്‍ധിച്ചത്.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10 ന് 44320 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു വര്‍ഷം കൊണ്ട് 8560 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് കൈയെത്താ ദൂരത്താണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ് ആരംഭിച്ചിരിക്കുന്നതിനാല്‍ തന്നെ സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള സമയമാണ് മാര്‍ച്ച്-മേയ് മാസങ്ങള്‍.
എന്നാല്‍ ഈ നിലക്ക് സ്വര്‍ണവില കുതിച്ചുയര്‍ന്നാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരും എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വില വര്‍ധനവ് മുന്നില്‍ക്കണ്ട് നേരത്തെ തന്നെ സ്വര്‍ണം ബുക്ക് ചെയ്തവര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാം. പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ വരുന്നതിനാല്‍ ഒരു പവന് സ്വര്‍ണാഭരണത്തിന് ചുരുങ്ങിയത് 57000 രൂപയെങ്കിലും ഒടുക്കേണ്ടി വരും.