സംഗീത പരിപാടി അവതരിപ്പിക്കവെ ആവേശത്തിൽ കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റില്‍. യുഎസ്സിലെ നാഷ്വില്ലയിലുള്ള പ്രമുഖ റൂഫ് ടോപ്പ് ബാറുകളിലൊന്നായ എറിക് ചർച്ച് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ തെരുവിൽ രണ്ട് പൊലീസുകാരുടെ സമീപത്തായി പതിച്ചു. ആർക്കും പരുക്കേറ്റില്ലെങ്കിലും പൊതുജനത്തിന് അപകടമുണ്ടാക്കും വിധത്തിൽ പെരുമാറിയ മോർഗനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ ഗായകർക്കു പാടാൻ സ്ഥിരം വേദിയൊരുക്കുന്ന ഇടമാണ് എറിക് ചർച്ച് ബാർ. പാട്ട് പാടവെ ആവേശം കൂടിയപ്പോഴാണ് മോർഗൻ കയ്യിൽ കിട്ടിയ കസേര വലിച്ചെറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് മണിക്കൂറുകൾക്കു ശേഷം മോർഗനെ പൊലീസ് വിട്ടയച്ചു.
സംഗീതലോകത്ത് ഏറെ സജീവമാണ് 30കാരനായ മോർഗൻ വാല്ലെൻ. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘വൺതിങ് അറ്റ് എ ടൈം’ എന്ന ആൽബം വലിയ ജനപ്രീതി നേടിയിരുന്നു. അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാൾ 2020–ൽ അറസ്റ്റിലായിരുന്നു. സ്ഥിരമായി വർഗീയ പരാമർശങ്ങൾ നടത്തുന്ന ഗായകനെ നിരവധി ചാനൽ പരിപാടികളിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.