കൊച്ചി: അങ്കമാലി നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു.
തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (35) ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നിൽവെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ൽ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാർ ഹോട്ടൽ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിനു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
തിരുക്കൊച്ചിയിലെ ബാറിൽ ഇന്നലെ മദ്യപിക്കുന്നതിനെ ഒരാളെത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ വിനുവിനെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്.