ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ ആക്രമണം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹന വ്യൂഹത്തിൽ കടന്നു കയറി ആക്രമണം നടത്തിയത്. തുടർന്ന് അരമണിക്കൂറോളം പര്യടനം വി മുരളീധരൻ നിർത്തിവച്ചു. പള്ളിക്കൽ പോലീസ് എത്തിയ ശേഷമാണ് പര്യടനം തുടർന്നത്.ആക്രമണത്തിന് നേതൃത്വം നൽകിയത് സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയം മുക്കിലാണ് സംഭവം. വൈകുന്നേരം ഏഴേകാൽ മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പര്യടനത്തിലെ വാഹന വ്യൂഹത്തിൽ കടന്നു കയറി അനുഗമിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ബൈക്ക് യാത്രികരെയും കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയുമായ വി. മുരളീധരനെയും അസഭ്യം പറഞ്ഞ് ആക്രമിച്ചത്.
സംഭവം നടന്നതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ പര്യടനം നിർത്തിവെക്കുകയായിരുന്നു. പ്രവർത്തകരോട് സമാധാനം പാലിക്കാൻ കർശന നിർദ്ദേശിച്ചശം നൽകിയശേഷം പള്ളിക്കൽ പോലീസുമായി ബന്ധപ്പെടുകയും പോലീസ് എത്തുകയും ചെയ്തു. കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസിൽ വിവരം അറിയിച്ചു.
കല്ലറ കോണം ജംഗ്ഷനിലും അക്രമ സംഘം സംഘർഷത്തിന് ശ്രമം നടത്തി. സിപിഎം കൊടി വീശിയാണ് കല്ലറ കോണത്ത് സംഘർഷത്തിന് ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് പരാതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു .
സംഭവത്തിന് പിന്നിലുള്ളവർ പ രാജയഭീതിയിൽ ആക്രമണം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രവർത്തകർ പൂർണ്ണമായും സമാധാനം പാലിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.