ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി.
ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു.
2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറി. ഇതോടെയാണ് പീഡനപരാതിയുമായി യുവതി തമിഴ്‌നാട് പോലീസിനെ സമീപിച്ചത്.
തുടർന്ന് ഈ വിദ്യാർത്ഥിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും അതിൽ നിന്നും വീണ്ടും പിൻമാറി. ശേഷം യുവാവ് ദുബായിലേക്ക് പോയി. യുവാവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച പൊലീസ്. തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ മദ്രാസ് ഹൈക്കോടതിയെ യുവാവ് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നില്ല. ഇതോടെ യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ എം.ആർ. അഭിലാഷാണ് ഹർജിക്കാരനായി ഹാജരായത്.