യുദ്ധഭൂമിയിലെ ഭീകരത എത്രത്തോളമുണ്ടെന്ന് നേരിട്ട് അനുഭവിച്ച വ്യക്തിയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടങ്ങിയ മലയാളി ഡേവിഡ് മുത്തപ്പൻ. മരണം മുന്നിൽ കണ്ട യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയെങ്കിലും താൻ അനുഭവിച്ചതും നേരിൽ കണ്ടതുമായ കാര്യങ്ങൾ ഇന്നും അദ്ദേഹത്തിന്റെ മനസിൽ നിന്നും മാഞ്ഞിട്ടില്ല. ഞെട്ടലോടെയല്ലാതെ ആ കാര്യങ്ങൾ ഓർത്തെടുക്കാൻ ഡേവിഡിന് കഴിയില്ല. യുദ്ധമുഖത്തെ ഭീകരത എത്രത്തോളമാണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനും ഡേവിഡിന് പ്രയാസമാണ്. ഡേവിഡിന്റെ അനുഭവങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പൂറമാണ്.
സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ട്രാവൽ ഏജന്റുമാർ ഡേവിഡിനെ റഷ്യയിലേക്ക് കൊണ്ടുപോയത്. ധാരാളം പണവും ഡേവിഡ് ഏജന്റുമാർക്ക് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡേവിഡ് റഷ്യയിൽ സെക്യൂരിറ്റി ഗാർജുകളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടത്. 204,000 റൂബിൾസ് പ്രതിമാസ ശമ്പളം നൽകുമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ തുക തന്നെയായിരുന്നു.
തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്. ഏജന്റിന്റെ ചതിയിൽപെട്ട് റഷ്യയിലെത്തിയ ഡേവിഡിനെ റഷ്യൻ സൈന്യം യുക്രെയ്നെതിരായ യുദ്ധത്തിനു നിയോഗിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് യുദ്ധത്തിൽ പരിക്കേറ്റു. ചികിത്സയിലായിരുന്ന ഡേവിഡ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രിൻസ് സെബാസ്റ്റ്യൻ എന്ന യുവാവും ഡേവിഡിനൊപ്പം ഉണ്ടായിരുന്നു. മരണവും നാശനഷ്ടങ്ങളും മാത്രമായിരുന്നു എവിടെയും ഉണ്ടായിരുന്നതെന്ന് ഡേവിഡ് പറയുന്നു.
തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നാട്ടിൽ എത്താൻ കഴിഞ്ഞത് അത്ഭുതകരമായാണ്. എല്ലായിടത്തും ശവശരീരങ്ങൾ കണ്ടുകണ്ടാണ് കഴിഞ്ഞത്. ഒരു മാസം മാത്രം പരിശീലനം നൽകിയ ശേഷമാണ് യുദ്ധഭൂമിയിലേക്ക് പറഞ്ഞുവിട്ടത്. മരിക്കുമെന്ന് തന്നെയാണ് താൻ വിചാരി്ച്ചതെന്നും ഡേവിഡ് വ്യക്തമാക്കി.
യുദ്ധത്തിൽ പരിക്കേറ്റ ഡേവിഡ് രണ്ടര മാസത്തോളം റഷ്യയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. മോസ്കോയിലെ ഇന്ത്യൻ എംബസി വഴിയാണ് ഡേവിഡിനെ തിരിച്ചെത്തിച്ചത്.
ഡേവിഡിന് അനുഭവിക്കേണ്ടി വന്നതിന് സമാനമായ അനുഭവങ്ങളായിരുന്നു പ്രിൻസിനും ഉണ്ടായത്. നൂറു മീറ്റർ മാത്രം അകലെയായിരുന്നു യുക്രൈൻ സൈന്യമെന്നും യുദ്ധത്തിനിറങ്ങി പതിനഞ്ചാം മിനിറ്റിൽ തനിക്കു വെടിയേറ്റുവെന്നും പ്രിൻസ് പറഞ്ഞു. ടാങ്കിൽ തട്ടിയ വെടിയുണ്ട ഇടതു ചെവിക്കു സമീപം തുളഞ്ഞുകയറി. വെടിയേറ്റു വീണത് ഒരു റഷ്യൻ സൈനികന്റെ മൃതദേഹത്തിനു മുകളിലേക്കാണെന്നും പ്രിൻസ് ഞെട്ടലോടെ ഓർമ്മിക്കുന്നു.
മറ്റൊരു റഷ്യൻ സൈനികന്റെ ശരീരം ചിതറിച്ച ഗ്രനേഡിന്റെ ഒരു ഭാഗം തന്റെ ഇടതുകാലിലും പതിച്ചു. ഇഴഞ്ഞിഴഞ്ഞ് ഒരു കിടങ്ങിലെത്തി. രാത്രി മുഴുവൻ അവിടെ കഴിച്ചുകൂട്ടുകയായിരുന്നു. ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു. കുടിക്കാൻ തുള്ളി വെള്ളംപോലും ലഭിച്ചില്ല. പിറ്റേ ദിവസം കിടങ്ങിലൂടെ മൂന്നു കിലോമീറ്ററോളം ഇഴഞ്ഞാണു റഷ്യൻ സൈനിക ക്യാംപിലെത്തിയത്. അവർ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുത്തുകയായിരുന്നുവെന്നും വേദനയോടെ പ്രിൻസ് തന്റെ അനുഭവത്തെ കുറിച്ച് വിവരിച്ചു.
യുദ്ധമുഖത്ത് നേരിടേണ്ടി വന്ന ഭീകരതകൾ മനസിലുണ്ടെങ്കിലും ശുഭപ്രതീക്ഷയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് പ്രിൻസും ഡേവിഡും ശ്രമിക്കുന്നത്. വീണ്ടും മത്സ്യബന്ധനം പുനരാരംഭിക്കാൻ കഴിയുമെന്നും ജോലി ചെയ്ത് വരുമാനം നേടി പണം കടംവാങ്ങിയവർക്കെല്ലാം തുക തിരികെ നൽകാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് പ്രിൻസ്.
റഷ്യയിലേക്ക് പോകുന്നതിന് മുൻപ് ഗ്രാമത്തിലുള്ള ഒരു പെൺകുട്ടിയുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും തങ്ങളുടെ വിവാഹത്തിന് മുമ്പ് ഒരു വീട് പണിയാമെന്നും താൻ അവൾക്ക് വാക്ക് നൽകിയരുന്നതായും ഡേവിഡ് വ്യക്തമാക്കുന്നു. ഈ വാക്ക് പാലിക്കാൻ രണ്ട് വർഷം കൂടി കാത്തിരിക്കാനാണ് ഇപ്പോൾ തങ്ങളുടെ തീരുമാനം. ജീവിതത്തിൽ വീണ്ടും നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകുമെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.