തിരുവനന്തപുരം: കണ്ണമൂല പാലത്തിന് സമീപം 5 വർഷമായി വഴിയോര കച്ചവടം നടത്തുന്ന നിർദ്ധന വനിതയെ കച്ചവട സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരിയുടെ ഉപജീവന മാർഗമായ കട പകരം സംവിധാനം കണ്ടെത്തുന്നത് വരെ ഒഴിപ്പിക്കേണ്ടതില്ലെന്നും പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് നഗരസഭാ സെക്രട്ടറി ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയായ കണ്ണമൂല തോട്ടുവരമ്പത്ത് വീട്ടിൽ എസ്. അനിത വഴിയോര കച്ചവടം നടത്തുന്ന സ്ഥലം കോർപ്പറേഷന്റെ അധീനതയിലുള്ളതാണെന്നും പരാതിക്കാരിക്ക് തിരിച്ചറിയൽ കാർഡോ ലൈസൻസോ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2021-22 ൽ നഗരസഭ നടത്തിയ വഴിയോര കച്ചവടക്കാരുടെ സർവേയിൽ പരാതിക്കാരി ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സർവേക്ക് നഗരസഭാ കൗൺസിലിന്റെ അംഗീകാരം കിട്ടിയിട്ടില്ല. പരാതിക്കാരി കച്ചവടം നടത്തുന്ന സ്ഥലത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. ഉള്ളൂർ തോടിന്റെ പുനരുദ്ധാരണം നടന്നുവരികയാണ്. തോടിന്റെ ഭിത്തി നിർമ്മിക്കാനും തോടിലേക്ക് ജെ.സി.ബി ഇറക്കി ശുചീകരണം നടത്താനും വഴിയോര കച്ചവടം മാറ്റേണ്ടതുണ്ട്. വാർഡ് കൗൺസിലർ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നില്ലെന്നും തന്റെ കട കാരണം ഗതാഗത കുരുക്ക് ഉണ്ടാകുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.