നോർഡ് സിഇ4 പോലെയുള്ള മോഡലുകൾ വിപണിയിലേക്കെത്തി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇന്ത്യയിലെ ആറോളം സംസ്ഥാനങ്ങളിലെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ വൺപ്ലസ് ഫോണുകളുടെ വിൽപ്പന നിർത്തുമെന്ന് റിപ്പോർട്ട്. 2024 മെയ് മുതൽ ഫോണുകളും വാച്ചുകളും ഉൾപ്പടെയുള്ള വൺ പ്ലസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തുമെന്ന കടുത്ത നടപടിയുമായി നീങ്ങാനാണ് വ്യാപാര സ്ഥാപനങ്ങളുടെ തീരുമാനം.
ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് കുറഞ്ഞ ലാഭം മാത്രമേ ലഭിക്കുന്നുള്ളൂ എന്നതും വാറന്റി ക്ലെയിമുകളുടെ കാലതാമസവുമാണ് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ORA) പറയുന്ന പരാതി. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക , തമിഴ്‌നാട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന 4,500ലധികം സ്റ്റോറുകളിൽ വിൽപന നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന പ്രവർത്തന, സാമ്പത്തിക ചെലവുകൾക്കിടയിൽ ബിസിനസുകൾ നിലനിർത്തുന്നത് വെല്ലുവിളിയാകുകയാണെന്നു അസോസിയേഷൻ പറയുന്നു. OnePlus ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓഫ്‌ലൈൻ സ്റ്റോറുകൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ട് മൊബൈൽ റീട്ടെയിലർ അസോസിയേഷനുകൾ കമ്പനിക്ക് ഒരു കത്ത് അയച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വൺ പ്ലസ് ഔദ്യോഗിക മറുപടി നൽകിയതായി ഇതുവരെ വിവരമൊന്നും ലഭ്യമല്ല.
പരിമിതമായ ലഭ്യത: ചില OnePlus ഫോണുകൾ, പ്രത്യേകിച്ച് 11R, CE3 Lite മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്, ഇത് മൊബൈൽ റീട്ടെയിലർമാരുടെ വിൽപ്പനയെ ബാധിച്ചു.
മുൻകൂർ പേമെന്റുകൾ ലഭിച്ചതിന് ശേഷം വിതരണക്കാരിൽ നിന്ന് ഫോണുകൾ ലഭിക്കുന്നതിനുള്ള കാലതാമസം റീട്ടെയിലർമാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (എഐഎംആർഎ) സൂചിപ്പിച്ചു.