ഫോണുമില്ല, ഇന്റര്‍നെറ്റുമില്ല: പൊളിഞ്ഞു പാളീസായി കെ-ഫോണ്‍ പദ്ധതി; 1059 കോടി വായ്പയ്ക്ക് തിരിച്ചടവ് 100 കോടിവെച്ച് 13 വര്‍ഷം

എല്ലാം ജനത്തിന്റെ നികുതി പണത്തില്‍ നിന്ന്; ആരുണ്ട് ചോദിക്കാന്‍

തുടക്കത്തിലേ പിഴച്ച പദ്ധതികളില്‍ മുമ്പിലാണ് കെ-ഫോണ്‍. തൊട്ടു പിന്നില്‍ കെ-റെയിലുമുണ്ട്. എന്നാല്‍, കെ-ഫോണിന് സര്‍ക്കാര്‍ നല്‍കിയ പ്രചാരണം, കേരളം മുഴുവന്‍ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുമെന്ന തരത്തിലായിരുന്നു. കേരളത്തിന്റെ, മലയാളിയുടെ സ്വന്തം കെ-ഫോണ്‍ ഇപ്പോള്‍ വരുമെന്നു കാത്തിരുന്നവരെയെല്ലാം ഒറ്റയടിക്കു പറ്റിച്ചിരിക്കുകയാണ്. കെ-ഫോണ്‍ പദ്ധതി ഇപ്പോള്‍ പാതി വഴിയിലുമല്ല, തുടങ്ങിയെന്നും പറയാനുമൊക്കില്ല എന്ന അവസ്ഥയിലാണ്. പക്ഷെ, ഒക്ടോബര്‍ മുതല്‍ പദ്ധതിക്കായി എടുത്ത വായ്പ തിരിച്ച് അടച്ചു തുടങ്ങണം എന്നതാണ് വസ്തുത. സംരംഭത്തിന്റെ ആകെ മുതല്‍മുടക്ക് 1514 കോടി രൂപയാണ്. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും വായ്പ എടുത്തത്.

വ്യവസ്ഥപ്രകാരം 2024 ഒക്ടോബര്‍മുതല്‍ 13 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കണം. അങ്ങനെ 1059 കോടിക്ക് പലിശയടക്കം തിരിച്ചടയ്‌ക്കേണ്ടി വരുന്നത് 13,000 കോടി രൂപയാണെന്ന് വ്യക്തം. ഇതില്‍ പലിശ ഇത്തില്‍ നല്‍കേണ്ടി വരുന്നത്, 11941 രൂപയാണ്. ഇത്രയും രൂപ സാധാരണ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും കൊടുക്കേണ്ടതാണ്. എന്നാല്‍, പദ്ധതി നടപ്പാവുകയോ, ജനങ്ങള്‍ക്ക് ഗുണമുണ്ടാവുകയോ ചെയ്തിട്ടില്ല. ഇതിലും വലിയ അഴിമതി മറ്റെന്താണുള്ളത്. ഭരണത്തിലിരിക്കുന്നവരുടെ ധൂര്‍ത്തിന്റെ മറ്റൊരു ഉദാഹരണമായി കെ-ഫോണിനെ കാണാനാകും. സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എല്‍.), കെ.എസ്.ഇ.ബി.യുടെയും സംയുക്ത സംരംഭമാണ് കെ- ഫോണ്‍.

49 ശതമാനം ഓഹരി വീതമാണ് ഇരു കമ്പനികള്‍ക്കുമുള്ളത്. രണ്ടുശതമാനം സംസ്ഥാനസര്‍ക്കാരിനും. സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ്. പദ്ധതി അങ്ങുമിങ്ങും എത്താത്ത സാഹചര്യത്തില്‍ തിരിച്ചടവ് 2025 ഏപ്രില്‍മുതല്‍ ആക്കണമെന്ന് കിഫ്ബിക്ക് കെ-ഫോണ്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിച്ചേക്കും. സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട 500 കോടിയില്‍ 128 കോടിരൂപ മാത്രമാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.

നിലവില്‍ 30,000 ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രമാണ് കെ-ഫോണിന് കേരളത്തില്‍ നല്‍കാനായത്. ഇതില്‍ അയ്യായിരം എണ്ണം ബി.പി.എല്‍. കണക്ഷനാണ്. ബാക്കി 20,000 സര്‍ക്കാര്‍ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്ഷനുകളെങ്കിലും തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കണമെങ്കില്‍ ഇനിയും കണക്ഷനുകള്‍ നല്‍കേണ്ടതുണ്ട്. കെ-ഫോണിനായി 37,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റര്‍ കേബിള്‍ വലിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ഓഫീസുകളുണ്ട്.

എന്നാല്‍, ഇതില്‍ 30,438 ഓഫീസുകള്‍ മാത്രമാണ് കെ-ഫോണ്‍ ഇന്റര്‍നെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതില്‍ 20,000 ഓഫീസുകള്‍ക്ക് കണക്ഷന്‍ നല്‍കി. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോണ്‍ അധികൃതര്‍ കരുതുന്നത്. എന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കില്ലെന്നുറപ്പാണ്. അതേസമയം, 14000 ബിപിഎല്‍ വീടുകളില്‍ സൗജന്യ കെ.-ഫോണ്‍ കണക്ഷന്‍ എത്തിക്കാന്‍ രണ്ടുവര്‍ഷം മുന്‍പു കരാറെടുത്ത കമ്പനി പാതിവഴിയില്‍ പിന്‍മാറിയത് തിരിച്ചടിയിയാട്ടുണ്ട്. വൈകാതെ രണ്ടരലക്ഷം ബിപിഎല്‍ കുടുംബങ്ങളില്‍ കൂടി സൗജന്യ കണക്ഷന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ്, പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച 14000 കണക്ഷന്‍ പോലും പൂര്‍ത്തീകരിക്കാനാകാത്തത്.

എന്നാല്‍, 7000 കണക്ഷന്‍ നല്‍കിയെന്നും തദ്ദേശ വകുപ്പു വഴി ലഭ്യമാക്കിയ ഗുണഭോക്തൃപട്ടിക കൃത്യമല്ലാത്തതിനാല്‍ പിന്‍മാറുകയാണെന്നും കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ പട്ടികയിലെ തെറ്റു തിരുത്തി നല്‍കിയെന്നാണു കെ-ഫോണ്‍ വിശദീകരിക്കുന്നത്. കണക്ഷന്‍ നല്‍കാന്‍ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല. ഈ വീടുകളുടെ പട്ടിക കൈമാറണമെന്ന് കമ്പനിയോടു കെ-ഫോണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

 

20 ലക്ഷം ബിപിഎല്‍ വീടുകളില്‍ സൗജന്യ കണക്ഷന്‍ എന്ന വാഗ്ദാനത്തോടെയാണു സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ ഒരു മണ്ഡലത്തില്‍ 100 വീതം 14000 കണക്ഷന്‍ നല്‍കുമെന്നു രണ്ടാം പിണറായി സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഭേദഗതി വരുത്തി. ഇതിനായി 2022 ഏപ്രിലില്‍ കമ്പനിയെ തിരഞ്ഞെടുത്തു. എന്നാല്‍ കമ്പനിയുമായുള്ള കരാറിനുള്ള അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗുണഭോക്തൃപട്ടികയും വൈകുകയായിരുന്നു. 14000 ബിപിഎല്‍ വീടുകളില്‍ കണക്ഷന്‍ നല്‍കിയശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ 1000 വീടുകളില്‍ മാത്രമായിരുന്നു കണക്ഷന്‍.

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് തുടങ്ങിയാലും പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം അനുഭവിക്കാനും സാധിക്കില്ല. പക്ഷെ, നടപ്പാക്കാത്ത പദ്ധതിയുടെ പലിശ കൊടുക്കാന്‍ തയ്യാറാവുകയും വേണം. ഇതാണ് ജനങ്ങളുടെ അവസ്ഥ.

ഇതാണ് കെ-ഫോണിനെ കുറിച്ച് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്ത്

ഇന്റര്‍നെറ്റ് പൗരാവകാശമാക്കി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെച്ച് കേരളം. സമഗ്ര സാമൂഹ്യ മുന്നേറ്റത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ബൃഹദ് പദ്ധതിയായ കെ-ഫോണ്‍ യാഥാര്‍ഥ്യമായി. ഇതോടെ സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഡിജിറ്റല്‍ സമത്വത്തിലേക്കുള്ള ചുവടുവെയ്പും ‘ആഗോള കേരള’ത്തിനുള്ള അടിത്തറയുമാണ് കെ -ഫോണ്‍ പദ്ധതി.

സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000ത്തോളം ഓഫീസുകളിലും ലഭ്യമാക്കും. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന കെ-ഫോണ്‍ പദ്ധതി ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമേഖകളില്‍ ഗ്രാമ നഗരവ്യത്യാസങ്ങളില്ലാതെ സേവനം ലഭ്യമാക്കുമെന്നു മാത്രമല്ല ഇ-ഗവേണ്‍സിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായകമാവും.

പദ്ധതിയുടെ 1-ാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 26,542 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഇവയെ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. നിലവില്‍ 17,284 സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.നിലവില്‍ 997 വീടുകളില്‍ കെ-ഫോണ്‍ സേവനം ലഭ്യമാക്കി.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും, കെ-ഫോണ്‍ സേവനം സൗജന്യമാണ്. ഓരോ മണ്ഡലത്തിലെയും നൂറു വീതം വീടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്കായി 2000 ഫ്രീ വൈ ഫൈ സ്പോട്ടും , സര്‍ക്കാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് മിതമായ നിരക്കിലുള്ള വൈ ഫൈ നെറ്റുവര്‍ക്കും സജ്ജമാക്കും.ഏകദേശം 14000 റേഷന്‍ കട, 2000 സപ്ലൈകോ ഔട്ട്ലെറ്റ്, കേരളബാങ്ക് എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണക്ഷന്‍ എത്തിക്കും. ഭൂമിശാസ്ത്രപരമായ തടസങ്ങളെയെല്ലാം തരണം ചെയ്ത് കേരളത്തിന്റെ മലയോര മേഖലകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടില്‍ ആയിരത്തിലധികം കിലോമീറ്റര്‍ കേബിള്‍ വലിച്ചാണ് ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പെടെ എഴുനൂറോളം കേന്ദ്രങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കിയത്.

selfcare.kfon.co.in -ലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ബന്ധപ്പെട്ട ഓഫീസുകള്‍ കെ-ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പുതിയതായി ഉള്‍പ്പെടുത്തുന്നതിനും സാധിക്കും. 7594049980, 04842911970 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടും കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ സേവനങ്ങള്‍ പേപ്പര്‍രഹിതവും വേഗത്തിലും ലഭ്യമാകും. ഇ-കൊമേഴ്‌സ് സൗകര്യങ്ങള്‍ വഴി വിപണനം നടത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗ്രാമങ്ങളിലെ സംരംഭകര്‍ക്കും കെ-ഫോണ്‍ നെറ്റ്വര്‍ക്ക് ലഭ്യമാകുന്നതോട് കൂടി സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കും.

കെ.എസ്.ഇ.ബിയുടെ വിതരണ-അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നത്. കേരളത്തിന്റെ തൊഴില്‍, വിദ്യാഭ്യാസ സാമൂഹിക, ആരോഗ്യ രംഗങ്ങളെ ഏറെ സ്വാധീനിക്കുന്നതാണ് കെ-ഫോണ്‍ പദ്ധതി. പദ്ധതി ഉയര്‍ന്ന പഠന നിലവാരം, തൊഴില്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് വളരെയധികം പ്രയോജനകരമാകും. ആധുനിക കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സമത്വത്തിലൂന്നി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പാണ് കെ ഫോണ്‍.