മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. 70കളുടെ പശ്ചാത്തലത്തിൽ സിനിമ മോഹവുമായി മദ്രാസിലേക്ക് പോകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ വിനീത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്വാമീസ് ലോഡ്ജുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ പറഞ്ഞ സംഭവങ്ങളെ കുറിച്ചാണ് വിനീത് വിശദീകരിച്ചത്. 70 കളിൽ കോടമ്പാക്കത്തേക്ക് സിനിമ മോഹവുമായി എത്തുന്നവർ താമസിച്ചിരുന്ന സ്ഥലം ആയിരുന്നു സ്വാമീസ് ലോഡ്ജ്. മോഹൻലാൽ തന്റെ തുടക്കത്തിൽ സ്വാമീസ് ലോഡ്ജിൽ താമസിച്ചിരുന്നതായി പ്രിയനങ്കിൾ പറഞ്ഞിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. പ്രേം നസീർ സാർ ഇരുന്ന കസേരയിൽ മോഹൻലാൽ ഇരുന്ന് ഇനിമുതൽ ഈ കസേര തന്റേതാണെന്ന് പറഞ്ഞിരുന്നുവെന്നും വിനീത് വ്യക്തമാക്കുന്നു.
തന്റെ കുട്ടിക്കാലം മുതൽ തന്നെ സ്വാമീസ് ലോഡ്ജിനെ കുറിച്ച് ഒരുപാട് കഥകൾ താൻ കേട്ടിട്ടുണ്ട്. ആ സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയുടെ സെന്റർ പോയിന്റ് എന്നത് കോടമ്പാക്കം ആയിരുന്നു. ഇന്ന് തെലുങ്ക് ഇൻഡസ്ട്രിയിൽ ഉള്ള പല സീനിയേഴ്സിനും തമിഴ് നന്നായി അറിയാം. കാരണം അവരുടെയൊക്കെ തുടക്കകാലം ചെന്നൈയിൽ ആയിരുന്നു. ഈ കഥകളെല്ലാം താൻ ചെറുപ്പകാലത്തിൽ കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ കഥ പൂർത്തീകരിച്ചത്. അതിനുശേഷം സിനിമയുടെ കഥ പ്രിയനങ്കിളിനെ കാണിച്ചിരുന്നു. അദ്ദേഹം എന്തെങ്കിലും കറക്ഷൻ പറയുകയാണെങ്കിൽ നന്നാവും എന്ന ചിന്തയിലാണ് കഥ അദ്ദേഹത്തെ കാണിച്ചത്. സ്വാമീസ് ലോഡ്ജിനെ പറ്റി എഴുതിയതൊക്കെ കണ്ടപ്പോഴാണ് അദ്ദേഹം തന്റെ കുറെ അനുഭവങ്ങൾ പറഞ്ഞു തന്നതെന്ന് വിനീത് വ്യക്തമാക്കി.
ആദ്യകാലത്ത് സ്വാമീസ് ലോഡ്ജിൽ താമസിച്ചവരായിരുന്നു പ്രേംനസീർ സാറും സത്യൻ മാഷും ഒക്കെ. നസീർ സാർ ഇരുന്ന കസേര ഇപ്പോഴും അവിടെയുണ്ട്. അതിൽ ആരും ഇരിക്കാറില്ല. പക്ഷേ ലാലങ്കിൾ അതിൽ ഇരുന്നിട്ട് പറഞ്ഞു ഇനി ഈ കസേരയിൽ താൻ ഇരിക്കുമെന്ന്. അതായത് നസീർ സാർ ഇരുന്ന സ്ഥാനത്ത് താൻ ആകും ഇനി. അന്നത് തമാശയായാണ് അദ്ദേഹം പറഞ്ഞതെങ്കിലും കാലങ്ങൾക്ക് ശേഷം അത് സത്യമായി. ഇക്കാര്യങ്ങളെല്ലാം പ്രിയനങ്കിൾ തന്നോട് പറഞ്ഞപ്പോൾ താൻ അത്ഭുതത്തോടെയാണ് കേട്ടിരുന്നതെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.