തിരുവനന്തപുരം നഗരത്തിൽ അറിയപ്പെടാത്തതായി ഒരുപാടു കടകളും, കഥകളുമുണ്ട്. നഗരത്തിന്റെ ഓരോ ഭാഗത്തിനും ഓരോ രുചികളാണ്. ബീഫ് പ്രിയർക്ക് പോകാൻ പെട്ടെന്നൊരു കടയാണ് ഉള്ളൂരിലെ ഉത്തമൻ ചേട്ടന്റെ കട. ഉത്തമനെന്നത് കടയുടെ ഓണറിന്റെ പേരാണ്. ഈ കടയ്ക്ക് പേരില്ല. ഇഷ്ടമുള്ളവർ ഓരോ പേര് വിളിച്ചോട്ടെ എന്നാണ് ഉത്തമൻ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞത്.
പഴകും തോറും വീര്യം കൂടുമെന്നല്ലേ പഴമൊഴി. ഉത്തമൻ ചേട്ടന്റെ കടയ്ക്ക് 43 വർഷത്തിലേറെ പഴക്കമുണ്ട്. തലമുറകളായി കൈമാറി വന്ന പാചക പാരമ്പര്യമാണ് ഉത്തമ ചേട്ടന്റെ കടയ്ക്കുള്ളത്. ആദ്യം അച്ഛൻ ചക്രപാണി, അതിനു ശേഷം സഹോദരന്മാർ. ഇപ്പോൾ ഉത്തമൻ ചേട്ടനും സഹോദരിമാരും കൂടി ചേർന്നാണ് ഈ കട നടത്തുന്നത്.
കുരുമുളകിട്ട ബീഫാണ് ഇവിടുത്തെ സ്‌പെഷ്യൽ ഐറ്റം. നമ്മുടെ വീടുകളിലെ തനതു രുചി തന്നെയാണ് ഇവിടെയും ആസ്വദിക്കുവാൻ സാധിക്കുക. നല്ല സോഫ്റ്റ് ബീഫ് ആണ്. കുറച്ചു സ്‌പൈസി ആയിരിക്കും. കുരുമുളകിൽ കിടന്നു വെന്തു സോഫ്റ്റ് ആയ ബീഫിന്റെ മണമിങ്ങനെ അടിക്കുമ്പോൾ വായിൽ കപ്പലോടും.
നല്ല ബീഫ് പെരട്ടും പെറോട്ടയും കഴിക്കാൻ ആഗ്രഹം തോന്നിയാൽ നേരെ ഉത്തമൻ ചേട്ടന്റെ കടയിലേക്ക് വരാം. വളരെ ചെറിയൊരു കടയാണ്. മഞ്ഞ പെയിന്റടിച്ച, പഴമ വിളിച്ചോതുന്ന കെട്ടിടം. ഉള്ളൂരിൽ നിന്നും ആക്കുളത്തേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ വലതു വശത്തായിട്ടാണ് കട സ്ഥിതി ചെയ്യുന്നത് .
ബീഫ് പെരട്ടും പൊറോട്ടയും കൂടാതെ വേറെ വിഭവങ്ങളും ഇവിടെ കിട്ടും. രാവിലെ പുട്ട്, പയർ, പപ്പടം അപ്പം, മുട്ട കറി, കിഴങ്ങു കറി, കടല കറി എന്നിങ്ങനെയാണ് മെനു പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഊണിന്റെ മെനു വരും. നല്ല വാഴയിലയിൽ വെള്ളം തളിച്ച് മേശയിലേക്കിടും. അതിലേക്ക് കറികൾ ഓരോന്നായി വരവായി; പരിപ്പ്, കിച്ചടി, വള്ളി പയർ, പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി, മീൻ . ഇവിടെ വരുന്ന പലരും പരീക്ഷിക്കുന്നൊരു കോംബോ പരിപ്പ് കറിയും ബീഫുമാണ്. ചായ, വട എന്നിവ 5 മണി മുതൽ ലഭ്യമാകും. ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് ഊണ് ലഭിക്കുന്നത്.
ചെറിയൊരു കടയായതിനാൽ വളരെ കുറച്ചു സ്ഥലമാത്രമേ ഉള്ളു. ഉത്തമൻ ചേട്ടന്റെ കൈപ്പുണ്യം ഒരിക്കൽ അറിഞ്ഞവർ അകത്തും പുറത്തുമായി ഊണിനും, ബീഫിനുമായി കാത്തിരിക്കുകയാണ്. കറിയിൽ ചേർക്കുന്ന പൊടികളെല്ലാം മില്ലിൽ കൊണ്ട് പോയി പൊടിപ്പിച്ചെടുക്കുന്നതാണ്. കടയിൽ പാചകത്തിനായി ഉത്തമൻ ചേട്ടന്റെ സഹോദരിമാരാണ് ഉള്ളത്.
കുടുംബത്തിൻറെ കൈപ്പുണ്യമോ, പഴക്കത്തിന്റെ വീര്യമോ എന്ന അറിയിയല്ല വീട്ടിൽ നിന്നും കഴിച്ചിറങ്ങുന്ന അതെ രുചിയാണ്. മനസ്സും വയറും ഒരു പോലെ നിറയും. സമയം: രാവിലെ 5 മണി മുതൽ 9.30 വരെയാണ് കട പ്രവർത്തിക്കുന്നത്.