കമ്പ്യൂട്ടർ വിൽപനയിലെ തിരിച്ചടി മറികടക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ആപ്പിൾ. എല്ലാ മാക് മോഡലുകളിൽ പുതിയ ചിപ്സെറ്റുമായെത്തി വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് എം3 ചിപ്പുമായുള്ള മാക് മോഡലുകൾ വിപണിയിലെത്തിയത്. ഇപ്പോൾ എം4 ചിപ്പ്സെറ്റിലെത്തുന്ന മാക് മോഡലുകളെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് നിന്ന് പുറത്ത് വരുന്നത്.
എം4ന്റെ മൂന്ന് വകഭേദങ്ങളായിരിക്കും ആപ്പിൾ മാക് മോഡലുകളിൽ ഉപയോഗിക്കുക. എല്ലാ മാക് മോഡലിലും എം4 ചിപ്സെറ്റ് തന്നെയാവും ഉണ്ടാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ളതാവും പുതിയ ചിപ്സെറ്റെന്നാണ് അഭ്യൂഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാക്കിന്റെ വിൽപന കുറഞ്ഞിരുന്നു. 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പ്യൂട്ടർ വിൽപനയിൽ നിന്നും ആപ്പിളിന് കാര്യമായ വരുമാനം ലഭിച്ചതുമില്ല. തുടർന്ന് എം3 ചിപ്പ്സെറ്റുമായുള്ള മാക് സീരിസ് വിപണിയിലെത്തി. എന്നാൽ, മുമ്പുണ്ടായിരുന്ന എം2 ചിപ്പുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായി എം3യുടെ പെർഫോമൻസ് വർധിച്ചിരുന്നില്ല. ഇതും ആപ്പിളിന് തിരിച്ചടിയായിരുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, ഗൂഗ്ളിന്റെ ആൽഫബെറ്റ് തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ പിന്നിലാണ്. ഇതുകൂടി മറികടക്കുകയാണ് പുതിയ ചിപ്പ്സെറ്റിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുതിയ ചിപ്സെറ്റുള്ള മാക് സീരിസ് ആപ്പിൾ പുറത്തിറക്കും. പുതിയ ഐമാക്കുകളും 14,16 ഇഞ്ചുകളുടെ മാക്ബുക്ക് പ്രോയും ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. മാക്കിൽ മാത്രമല്ല ഈ വർഷം പുറത്തിറങ്ങുന്ന ഐഫോണിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആപ്പിൾ കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് വാർത്തകൾ.