ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം മ്യൂസിയം കനകനഗറിലാണ് താമസം. ഭാര്യ വീണ വിമൽ. ഏക മകൾ ലക്ഷ്മി റോയ്.
തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം. തമിഴകത്തെ ഓരോ ചലനങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളുമെല്ലാം ദേശീയമാധ്യമങ്ങൾക്ക് മുമ്പേ ബിമൽ നൽകിക്കൊണ്ടിരുന്നു. ക്യാൻസർ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാൾ മുന്നോട്ട് പോയി. ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.