പാനൂര്‍ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിര്‍മാണം ഭീകര പ്രവര്‍ത്തനമാണെന്നിരിക്കെ, പാനൂര്‍ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്.
അതുമൊരു രക്ഷാ പ്രവര്‍ത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ പോലീസ് വീണ്ടും കണ്ടെടുത്ത് നിര്‍വീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നില്‍ക്കെ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മ്മാണം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. വടകരയില്‍ ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ എല്‍ഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാര്‍ഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക് മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും ഹസന് പറഞ്ഞു.