ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുകയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ദേശീയ തലത്തില്‍ മോദിയും ബിജെപിയും പറയുന്നതിനേക്കാള്‍ പതിന്മടങ്ങ് വര്‍ഗീയ പ്രചരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറാം തവണയും കേരളത്തിലെത്തുന്ന നരേന്ദ്രമോദി ഇവിടേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി വിജയന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി ലക്ഷ്യമിടുന്നത്. അതിന്റെ കാരണമെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതിനാല്‍ താനത് ആവര്‍ത്തിക്കുന്നില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യത നേടിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്.
പിണറായി വിജയനാകട്ടെ, മോദിയേക്കാള്‍ പതിന്‍മടങ്ങ് വര്‍ഗീയത ചേര്‍ത്തു പറഞ്ഞ് പ്രകടന പത്രികയെ എതിര്‍ക്കുന്നു. കേരളത്തില്‍ ബിജെപി രണ്ടിടത്ത് വിജയിക്കുമെന്നാണ് മോദി ആവര്‍ത്തിക്കുന്നത്. ബിജെപി-സിപിഎം അന്തര്‍ധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. സ്വന്തം പാര്‍ട്ടിയുടേതല്ലാത്ത രണ്ട് സ്ഥാനാര്‍ത്ഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയന്‍ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിര്‍ക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാനൂരിലെ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. വെട്ടുംകുത്തും മദ്യപാനവും പിടിച്ചുപറിയും സ്ത്രീപീഡനവുമായി നടക്കുന്ന മകനെക്കുറിച്ച് നാട്ടുകാര്‍ പരാതി പറയാനെത്തുമ്പോള്‍ അവന്‍ എന്റെ മകനല്ലെന്ന് പറഞ്ഞൊഴിയുന്ന പിതാവിന്റെ നിസഹായതയാണ് ഗോവിന്ദന്റേത്. ഇവര്‍ നടത്തിയ അക്രമങ്ങളെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയാണ്. പോഷക സംഘടനയല്ലെങ്കില്‍ അക്രമിക്കൂട്ടങ്ങളായ ഡിവൈഎഫ്‌ഐയെ പിരിച്ചുവിട്ടുകൂടെയെന്നും ഹസന്‍ ചോദിച്ചു.
കേരളാ സ്റ്റോറിയുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ പ്രചരിപ്പിച്ച് സിപിഎം സൈബര്‍ സഖാക്കള്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണ്. ഇടുക്കി രൂപത അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച് അവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. രൂപതയ്ക്ക് മുന്നില്‍ താന്‍ പ്രതിഷേധ സമരം നടത്തുന്നുവെന്ന് വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും ഹസന്‍ വെളിപ്പെടുത്തി.
കേരളാ സ്റ്റോറിയുടെ പേരില്‍ സംസ്ഥാനത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരാണെന്ന് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. മണിപ്പൂരില്‍ ഉചിതമായ ഇടപെടല്‍ നടത്തിയെന്ന് പറയുന്ന നരേന്ദ്രമോദി, എന്തുതരം ഇടപെടലാണ് അവിടെ നടത്തിയതെന്ന് വ്യക്തമാക്കണം. അയോധ്യയിലും അബുദാബിയിലും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ മോദി, മണിപ്പൂരിലേക്ക് തിരിഞ്ഞുപോലും നോക്കാതെയാണ് ഈ പ്രസ്താവന നടത്തിയതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക പെന്‍ഷന്‍ ഔദാര്യവും ഭിക്ഷയുമാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പിണറായിയുടെ നടപടി പാവപ്പെട്ട പെന്‍ഷന്‍കാരെ വളരെ വേദനിപ്പിച്ചു. ഇതിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കും. എല്ലാ സര്‍ക്കാരുകളും പെന്‍ഷന്‍ ഔദാര്യമായിട്ടല്ല, അവകാശമായിട്ടാണ് നല്‍കിക്കൊണ്ടിരുന്നത്. ഈ പശ്ചാത്തലത്തില്‍, കോടതിയില്‍ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്നും ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.