എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കുകയറ്റിയത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത്. പതിനഞ്ചു മണിക്കൂറുകളുടെ രകഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണുമാന്തി യന്ത്രം എത്തിച്ച് കിണറിന്റെ ഒരു ഭാഗം പൊളിച്ച് വഴിയൊരുക്കിയത്. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനായിരുന്നു ആദയം തീരുമാനിച്ചത്.
എന്നാല്‍, ആന സ്വയം കിണറ്റില്‍ നിന്നു കയറാനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായി കിണറിന്റെ ഒരു വശയം ഇടിഞ്ഞിരുന്നു. ഇത് മുകളില്‍ നിന്നും ബാക്കി മണ്ണു കൂടി മാറ്റാന്‍ ഗുണം ചെയ്തു. മണ്ണു മാറ്റി ചരിഞ്ഞ ഭാഗത്തു കൂടി ആന പുറത്തേക്കെത്തി. പരിബ്രാന്തി പരത്തി ഓിയ ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി വിടുകയായിരുന്നു. അതേസമയം, ആനയെ മയക്കു വെടിവെയ്ക്കാത്തതില്‍ നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനാണ്. പരിക്കേല്‍ക്കുകയും ചെയ്തു. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അടക്കം സ്ഥലത്തെത്തിയാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ഇതിനിടയില്‍ ആനയെ രക്ഷിക്കുന്നതു കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നും കാഴ്ചക്കാര്‍ എത്തിയത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ദുരന്ത നിവാരണ അതോറിട്ടി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ആനയെ പുറത്തെടുത്തത്. അതേസമയം, കിണര്‍ ശരിയാക്കാത്തതിലും, നഷ്ടപരിഹാരം നല്‍കാത്തതിലും വീട്ടുകാരും, നാട്ടുകാരും പ്രതിഷേധിക്കുകയും ചെയ്തു.