തൈക്കാട്: വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി കിളിക്കൂട്ടം 2024 എന്ന പേരിൽ തലസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന അവധിക്കാല ക്യാമ്പിൽ കുട്ടികളോട് സംവദിക്കാനും വിഷുക്കൈനീട്ടം നൽകാനും യുവനടൻ സഞ്ജു ശിവറാം എത്തിയത് ക്യാമ്പംഗങ്ങൾക്ക് വേറിട്ടൊരനുഭവം ആയി.
തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മാജിക് പാർക്കിലെ വേദിയിലാണ് കുട്ടികളുമായി ഉല്ലസിക്കാൻ സഞ്ജു എത്തിയത്. ക്യാമ്പിൽ പങ്കെടുത്തു വരുന്ന 375 കുട്ടികൾക്ക് സമിതി വിഷുക്കൈനീട്ടമായി കരുതിയ മുല്ലതൈ നടൻ സമ്മാനിച്ചു. കുട്ടിക്കാല, സിനിമ അനുഭവങ്ങൾ കുട്ടികളുമായി പങ്കു വച്ചു. സമിതി ദത്തെടുക്കൽ കേന്ദ്രവും സന്ദർശിച്ചതിനു ശേഷമാണ് മടങ്ങിയത്.
പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അദ്ധ്യക്ഷനായിരുന്നു. ട്രഷറർ കെ. ജയപാൽ, ക്യാമ്പ് ഡയറക്ടർ എൻ. എസ്. വിനോദ് എന്നിവർ സംസാരിച്ചു.
കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നതാണ് ഏപ്രിൽ 3 –ന് ആരംഭിച്ച ക്യാമ്പിൻറെ സന്ദേശം. മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം 2024 നീളും. വിവിധ പഠ്യേതര വിഷയങ്ങൾക്കു പുറമെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, പ്രസംഗം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ഒറിഗാമി, ശാസ്ത്രം, ഗണിതം, ദിനപത്രനിർമ്മിതി, ചലച്ചിത്ര നിർമ്മാണം, മാജിക്, യോഗ, കരാട്ടെ ഇവയിൽ പരിശീലനവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, ഗുരുവന്ദനം, വിനോദയാത്ര, ഭാഷാപഠനം, കാർഷികം, പരിസ്ഥിതി, തൊഴിൽ അറിവ്, പഠനം എങ്ങനെ രസകരമാക്കാം ഇവയെല്ലാം ക്യാമ്പിൻറെ ഭാഗമായിരിക്കും.
ക്യാമ്പിലേക്കുള്ള പ്രവേശനം ഏപ്രിൽ 16-വരെ ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പരുകൾ : 0471 2324939, 2324932, 9847464613