ഒരു ക്ഷേത്രത്തിലെ രഥം കടന്നുപോകുന്ന വഴിയിൽ അന്യമതത്തിൽ പെട്ട ഒരാൾ മനപൂർവ്വം കാർ പാർക്ക് ചെയ്ത് രഥഘോഷയാത്രയ്ക്ക് തടസമുണ്ടാക്കി എന്ന തരത്തിൽ ഈ വീഡിയോ സമൂഹമാധ്യമനകളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പരിശോധിക്കാം.
“കർണാടകയിൽ രഥം പോകുന്ന വഴിയിൽ അന്യമതസ്ഥൻ മനഃപൂർവം പാർക്ക് ചെയ്ത് പോയ കാർ. പാർക്ക് ചെയ്യുമ്പോഴേ മാറ്റണം രഥം കടന്ന് പോകേണ്ടതാണ് എന്ന് റിക്വസ്റ്റ് ചെയ്ത്.. മാറ്റാൻ മനസില്ലെന്ന് ഉത്തരം. ഏതായാലും ഭക്തർ അത് എടുത്ത് മാറ്റി സേഫ് ആയ സ്ഥലത്തു വെച്ച് രഥം ക്ഷേത്രത്തിലേക്ക് പൊയി” എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ ആണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.
വൈറൽ വീഡിയോ പരിശോധിച്ചപ്പോൾ ഇതേ വീഡിയോ ഒരു യൂട്യൂബ് ചാനലിൽ ഉള്ളതായി കണ്ടെത്തി. നവീൻ കുമാർ കെ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ 2024 ഏപ്രിൽ 4ന് “ബപ്പനാട് രഥോത്സവത്തിനിടെ വഴിയിൽ പാർക്ക് ചെയ്ത കാർ ഭക്തർ ഉയർത്തി മുകളിലേക്ക് മാറ്റി” എന്ന തലകെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാപ്പനാട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള രഥഘോഷയാത്രയ്ക്കിടെ പകർത്തിയ വീഡിയോയാണിതെന്ന് മാംഗളൂർടൈംസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നുണ്ട്.
രഥം കടന്നുപോകുന്ന വഴിയിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഭക്തർ മാറ്റിയതെന്നും പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന കാർ കൂടാതെ ഓട്ടോ റിക്ഷകൾ, ബൈക്കുകൾ എന്നിവയും ഇത്തരത്തിൽ വഴിയിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും അവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വാർത്തയിൽ വിശദീകരിച്ചിട്ടുണ്ട്.
ഇതേ വാർത്ത ഡൈജിവേൾഡ് ഡോട്ട് കോം എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ ഭക്തരിൽ ചിലരാണ് രഥഘോഷയാത്ര കടന്നുപോകേണ്ട റോഡരികിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് എന്നും രഥഘോഷയാത്ര ആരംഭിച്ചപ്പോൾ രഥത്തിനൊപ്പം ഉണ്ടായിരുന്ന ഭക്തരാണ് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സൈഡിലേക്ക് തള്ളി നീക്കിയത് എന്നും വ്യക്തമാക്കുന്നുണ്ട്.
ബാപ്പനാട് ക്ഷേത്രത്തിനടുത്തുള്ള മുൽകി പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായ സംഭവത്തിന് ഒരുവിധത്തിലുള്ള വർഗീയ വശങ്ങളും ഇല്ലായെന്നും ക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ വാഹനങ്ങൾ തന്നെയാണ് മാറ്റിയിട്ടുള്ളതെന്നും വ്യക്തമാക്കിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിൽ നിന്നും വ്യക്തമാക്കിയിട്ടുള്ളതായും അറിയാൻ സാധിച്ചു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രഥഘോഷയാത്ര നടക്കുന്ന വഴിയിൽ മറ്റ് മതസ്ഥർ മനഃപൂർവ്വം പാർക്ക് ചെയ്ത കാർ ഭക്തർ നീക്കം ചെയ്തു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.