ഗാന്ധിനഗര്‍: ഗുജറാത്തിൽ കോടീശ്വരന്മാരായ ദമ്പതികൾ സമ്പത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്. ഹിമ്മത്നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ വ്യവസായികളായ ദമ്പതിമാരാണ് 200 കോടി രൂപയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്. ജൈന മത വിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും അദ്ദേഹത്തിൻ്റെ ഭാര്യയും ഈ മാസം 22ന് സന്യാസം സ്വീകരിക്കും.
2022ല്‍ ദമ്പതിമാരുടെ 19 കാരിയായ മകളും 16 വയസുള്ള മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പ്രവൃത്തിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൗകികമായ സര്‍വബന്ധങ്ങളും ത്യജിച്ച് ആത്മീയതയുടെ പാതയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഭവേഷും ഭാര്യയും എത്തിച്ചേര്‍ന്നതെന്ന് ജൈനസമുദായത്തിലുള്ളവര് പറയുന്നു.
ഏപ്രില്‍ 22ന് ദീക്ഷ സ്വീകരിക്കുന്നതോടെ കുടുംബപരമായ എല്ലാ ബന്ധങ്ങളും പരിത്യജിക്കുന്ന ഭവേഷിനും ഭാര്യയ്ക്കും ലൗകികപരമായ യാതൊന്നും സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. ശേഷം ഇന്ത്യയിലുടനീളം നഗ്നപാദരായി കാല്‍നടയാത്ര ചെയ്ത് ഭിക്ഷയാചിച്ച് ഇരുവരും ജീവിതം നയിക്കണം. വെളുത്തനിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും ഇവര്‍ക്ക് അനുവദിച്ചുനല്കും.
കൂടാതെ എവിടെയെങ്കിലും ഇരിക്കുന്നതിനുമുമ്പ് ആ ഭാഗത്തെ ചെറുപ്രാണികളെ അകറ്റുന്നതിനായി ജൈനസന്ന്യാസിമാര്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള രജോഹരന്‍ കൂടി നല്‍കും. ഏറ്റവും ചെറിയ കൃമികീടങ്ങളുടെ ജീവന് പോലും ജൈനമതം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ജൈനമതത്തിന്റെ പഞ്ചമഹാവ്രതങ്ങളില് ഒന്നാണ് അഹിംസ. അത് പാലിക്കുന്നതിന്റെ ഭാഗമായാണ് ഇരിക്കുന്നതിനുമുമ്പ് രജോഹരന്‍ ഉപയോഗിച്ച് പ്രാണികളെ അകറ്റുന്നത്.
ഫെബ്രുവരിയില്‍ നടന്ന പരിത്യജിക്കല്‍ ചടങ്ങിന്റെ ഭാഗമായി രാജകീയപ്രൗഢിയില്‍ 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റര്‍ ദൂരം ഘോഷയാത്ര നടത്തി. യാത്രയിലുടനീളം ദമ്പതിമാര്‍ തങ്ങളുടെ സ്വത്തുക്കൾ ദാനം ചെയ്തു. രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാം ദാനം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ ശതകോടീശ്വരനായ വജ്രവ്യാപാരിയും ഭാര്യയും ഇതുപോലെ സന്ന്യാസം സ്വീകരിച്ചിരുന്നു. അതിന് അഞ്ച് വർഷം മുമ്പ് അവരുടെ 12 കാരൻ മകൻ സന്ന്യാസ ദീക്ഷ സ്വീകരിച്ചിരുന്നു.