കോഴിക്കോട്: ബിജെപിയെ വിമർശിച്ചതിന്റെ പേരിൽ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി.യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ, ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എന്നെ പിണറായി വിജയൻ എതിർക്കുന്നതിൽ സന്തോഷമേയുള്ളു. പക്ഷെ ആർഎസ്എസിനെതിരേ അദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
ഇടവേളകളില്ലാതെ താൻ സംഘപരിവാർ ആശയങ്ങളെ കടന്നാക്രമിച്ചെന്നും പാർലമെന്‍റിൽ നിന്ന് തന്‍റെ പ്രസംഗം നീക്കം ചെയ്തെന്നും രാഹുൽ ചൂണ്ടികാട്ടി. മണിക്കൂറുകളോളം തന്നെ ഇ ഡി ചോദ്യം ചെയ്തു. അവർ എന്‍റെ വീട് തിരിച്ചെടുത്തു. എന്നാലും ഞാൻ സംഘപരിവാറിനെ ആക്രമിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുമെന്നും രാഹുൽ പറഞ്ഞു.
ഇത്രത്തോളം തന്നെ ആക്രമിച്ച ബി ജെ പി സർക്കാർ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ പോകാത്തതെന്നും സി പി എം – ബി ജെ പി ബന്ധം സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. രാജ്യത്തെ 2 മുഖ്യമന്ത്രിമാർ ജയിലിൽ പോയിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബിജെപി സർക്കാർ തൊട്ടിട്ടില്ലെന്നും രാഹുൽ ചൂണ്ടികാട്ടി.
രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ടെന്നും മോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കുള്ള മറുപടിയാണ് അബ്ദുൾ റഹീമിനായുള്ള മലയാളികളുടെ ഒരുമിക്കലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിഎഎ വിഷയത്തിൽ നിലപാടില്ലെന്ന് കുറ്റപ്പെടുത്തിയവർക്ക് പൗരത്വത്തിന് മതം മാനദണ്ഡമാകില്ലെന്ന മറുപടിയും രാഹുൽ നൽകി.