സൂര്യൻ ഉദിച്ചു വരുന്നതേയുള്ളു. ചെടികളിലെ മഞ്ഞു തുള്ളി വറ്റി തുടങ്ങിയിട്ടില്ല. സമയം 7 മണിയോട് അടുത്തിരിക്കുന്നു. ഇതൊരു ഗ്രാമപ്രദേശമാണ്. അതിനാൽ തന്നെ ഒരു ഗ്രാമത്തിലേക്ക് ക്യാമറ കൊണ്ട് വച്ചാൽ എന്തൊക്കെ ഒപ്പിയെടുക്കാൻ സാധിക്കും; എന്ന പോലെ നമ്മുടെ കണ്ണുകൾ വിവിധ കാഴ്ചകൾ പകർത്തും. സൈക്കിളിൽ എവിടേക്കോ പാഞ്ഞു പോകുന്നൊരു മധ്യവയസ്ക്കൻ, ആനവണ്ടി ഒരെണ്ണം കടന്നു വരുന്നുണ്ട്. എവിടെ നിന്നോ കായാമ്പൂവിലും എന്ന് തുടങ്ങുന്ന പാട്ടു കേൾക്കാം.
ഞങ്ങൾ പതിയെ ശശിയേട്ടന്റെ ശാസ്താ ഷോപ്പിലേക്ക് കയറി. എഴുതി വിവരിക്കാൻ കഴിയില്ല; മനം മയക്കുന്നൊരു മണം വന്നു മൂക്കിലടിച്ചു.
പണ്ടത്തെ കുട്ടിക്കാലം ഓർമ്മിപ്പിക്കുന്ന വിധം ഇവിടെയൊരു പലഹാര കണ്ണാടി കൂടുണ്ട്. കുറച്ചു പലഹാരങ്ങൾ മാത്രമേ ഉള്ളു. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ. ഒരു കട്ടനും പറഞ്ഞു കട മുഴവൻ ഒന്ന് നോക്കി. ചെറിയൊയൊരു കടയാണ്. ഏതാണ്ട് രണ്ട് ഡസ്‌ക്കും, ഒന്നോ രണ്ടോ കസേരയും മാത്രമേയുള്ളു.
അടുക്കളയിലേക്ക് കയറിയാൽ പണ്ടത്തെ ഓടിട്ട വീടുകൾ ഓർമ്മ വരും. അടുപ്പിനോട് ചേർത്ത് വലിയൊരു ജനൽ; നീളമുള്ള ജനൽ പാളികളിൽ കൂടി അടുപ്പിലേക്കും, ശശിയേട്ടന്റെ ഭാര്യ ശൈലജ ചേച്ചിയിലേക്കും പ്രകശം പരക്കുന്നു.
അടുപ്പിൽ 16 മണിക്കൂർ പാകം ചെയ്യുന്ന ബീഫ് കിടക്കുകയാണ്. തലേന്ന് രാത്രിയിൽ ഇടുന്നതാണ് ബീഫ്. ഈ അടുപ്പിലെ തീ അണയുകയില്ല. മറ്റൊരു അടുപ്പിൽ നല്ലത് പോലെ വെന്തു പാകമായ സബോളയിലേക്ക് പുതിയ ബീഫ് ഇടുന്നു. പഴയ ബീഫും പുതിയ ബീഫും തമ്മിലൊരു രുചി യുദ്ധമാണ് ഈ അടുക്കളയിൽ നടക്കുന്നത്
ഇവിടെ ആളുകൾ എത്തുന്നത് 16 മണിക്കൂറായി വെന്തുകൊണ്ടിരിക്കുന്ന ബീഫ് കഴിക്കാനാണു. ചായ, പഴം പൊരി, പൊറോട്ട, അപ്പം , പുട്ട്, ബീഫ് ഉലർത്തിയത്, രസവട എന്നിവ ഇവിടെ ലഭിക്കും. നാടൻ ചീന ചട്ടിലാണ് ബീഫിന്റെ പാചകം നടക്കുന്നത്
16 മണിക്കൂർ വെന്ത ബീഫിന്റെ രുചി കഴിച്ചു തന്നെ അറിയണം. നന്നായി വെന്തു മസാലയോടു കൂടി ചേർന്ന പരുവത്തിലാണ് നമുക്ക് ലഭിക്കുക. എന്നാൽ പൊടിഞ്ഞ അവസ്ഥയിലല്ല ഉണ്ടാകുന്നത്. ഈ ബീഫിന്റെ കുറച്ചു കഷണവും, ബീഫിന്റെ എക്കാലത്തെയും പ്രണയിനിയായ പൊറോട്ടയും കുറച്ചെടുത്ത് കഴിക്കുമ്പോൾ ഉള്ള അനുഭവം അത്രയും സുന്ദരമാണ്.
രാവിലെ പൊറോട്ട കഴിക്കുവാൻ ഇഷ്ട്ടമല്ലാത്തവർക്ക് ദോശയോ, പുട്ടോ, അപ്പമോ പറയാം. ദോശയ്ക്കൊപ്പം പപ്പടവും രസവടയും ലഭിക്കും. പൊറോട്ടയും, ബീഫും, പപ്പടവും കഴിക്കുന്നതും നല്ലതാണു. പിന്നീടുള്ളത് പുതിയ ബീഫ് ഉലർത്തിയതാണ് ഇതിനൊപ്പം കുറച്ച സബോള കൂടി ചേർത്ത് കഴിച്ചത് ഗംഭീരമാണ്. നല്ല നാടൻ രുചിയിലാണ് പാചകം. വാഴയിലയിലാണ് വിഭവങ്ങൾ തരുന്നത്.
ആരാധകർ ഏറെയാണ് ഈ ബീഫിന്. പുറത്തു കാത്തു നിൽക്കുന്നവരിൽ വ്‌ളോഗർമാരും, നാട്ടുകാരും, ആലപ്പുഴയിൽ നിന്നെത്തിയ രണ്ടു ഭക്ഷണ പ്രേമികളുമുണ്ട്. ‘ഒരിക്കൽ ഒരു കോളേജ് പൊഫസർ ഇവിടെ 7 മണിക്ക് വന്നിട്ട് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പോയത്’ ശശിച്ചേട്ടൻ ഓർമ്മകൾ പങ്കു വയ്ക്കുന്നു.ഷൈലജ ചേച്ചിയും ശശി ചേട്ടനും ചേർന്നാണ് ഈ കട നടത്തുന്നത്.
ആദ്യം ചേട്ടന്റെ കട മാത്രമാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്, സ്വൽപ്പ നേരം ചേട്ടന്റടുത്ത് ഇരുന്നാൽ നിരവധി പഴയ കഥകൾ കേൾക്കാം. അതിൽ ചരിത്രവും, രാഷ്ട്രീയവും, ഭക്ഷണവും, സ്നേഹവും എല്ലാം ഉൾപ്പെടും.
രാവിലെ 4 മണി മുതൽ രാത്രി 7 മണിവരെയാണ് കട പ്രവർത്തിക്കുന്നത്. തിരക്കുണ്ടെങ്കിൽ ചിലപ്പോൾ 8 30 വരെ തുറന്നിട്ടുണ്ടാകും. തിരുവനന്തപുരത്തു നിന്നും ഉള്ളിലോട്ടാണ് കട. നെയ്യാറ്റിൻകര കല്ലുപാലത്താണ് കട സ്ഥിതി ചെയ്യുന്നത്. ബീഫ് കഴിക്കുവാൻ മോഹം ഉദിക്കുമ്പോൾ ഉറപ്പായും ശാസ്താ ടീ ഷോപ്പ് സന്ദർശിച്ചിരിക്കണം
ബന്ധപ്പെടണ്ട നമ്പർ: 8136996443
വില
- ബീഫ് 80
- പൊറോട്ട 8
- ദോശ 4
- അപ്പം 5
- പഴംപൊരി 8
- രസവട 8
- കട്ടൻ 5