‘മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു’… ഇങ്ങനെ പറഞ്ഞിരുക്കുന്നതായി ന്പറയുന്നത് മറ്റാരുമല്ല വീരപ്പന്‍റെ മകള്‍ ആണെന്നാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞാൻ എന്റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകൾ വിദ്യ റാണി പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എന്താണ് ഇതിനു പിന്നിലെ വാസ്തവം എന്ന് പരിശോധിക്കാം.
വീരപ്പന്‍റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും മകളും അഭിഭാഷകയുമായ വിദ്യ റാണി നിലവില്‍ തമിഴ്‌നാട് യുവ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുകയാണ്. എന്നാൽ, മോദിയിൽ ഞാൻ എന്റെ അച്ഛനെ കാണുന്നു എന്ന പരാമർശം താൻ നടത്തിയിട്ടില്ലായെന്നാണ് വിദ്യ റാണി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്‍റെ വികസനത്തിനായി മോദി എന്ന നേതാവിന്‍റെ അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവുമാണ് തനിക്ക് പ്രചോദനമായതെന്നാണ് പറഞ്ഞതെന്നും, അല്ലാതെ തന്‍റെ പിതാവുമായി മോദിയെ താരതമ്യപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും വിദ്യ മറുപടി നൽകി.
വിദ്യാ റാണി വീരപ്പന്‍ യുവ മോര്‍ച്ച വൈസ് പ്രസിഡന്‍റ് ആയി ചുമതലയേറ്റ ശേഷം ഫെബ്രുവരി 26ന് ഇന്ത്യാഗ്ലിറ്റ്‌സ് നല്‍കിയ വാര്‍ത്തയിലും ഇതെ പരാമര്‍ശം നടത്തിയതായി കണ്ടെത്തി. മോദിയുടെ ദീര്‍ഘവീക്ഷണമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നാണ് വിദ്യ പറഞ്ഞിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ ആയിരുന്നു വീരപ്പൻ. 1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു മുനിസാമി വീരപ്പൻ ജനിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വനംവകുപ്പിൻ്റെ പേടിസ്വപ്നമായിരുന്നു വീരപ്പൻ. ചന്ദനമരം കടത്ത്, മനുഷ്യക്കടത്ത്, ആനക്കൊമ്പ് കടത്ത്, എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങൾ വീരപ്പന്റെ പേരിലുണ്ട്. അമ്മാവന്റെ സഹായിയായാണ് വീരപ്പൻ വനംകൊള്ളയിലേക്കു തിരിഞ്ഞത്. പിന്നീട് സ്വന്തം വഴിക്ക് തിരിഞ്ഞു. കന്നഡ സൂപ്പർസ്റ്റാർ’ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി 108 ദിവസം ബന്ദിയാക്കി വെച്ചതും വീരപ്പന്റെ കുപ്രസിദ്ധി ഉയർത്തിയ സംഭവമായിരുന്നു. ഒടുവിൽ,`ഓപ്പറേഷൻ കക്കൂൺ” എന്ന പേരിൽ അറിയപ്പെട്ട നടപടിയിലാണ് വീരപ്പൻ കൊല്ലപ്പെട്ടത്. എസ്ടിഎഫ് മേധാവിയും മലയാളിയുമായ ഐപിഎസ് ഓഫിസർ കെ.വിജയ്കുമാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു ദൗത്യത്തിന്റെ നേതൃത്വം.
ലഭ്യമായ വിവരങ്ങളിൽ നിന്നും വീരപ്പന്റെ മകൾ വിദ്യ റാണി വീരപ്പൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്‍റെ പിതാവുമായി താരതമ്യപ്പെടുത്തി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലാഎന്നും, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കരുതാം.